ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ വികസനം പൂർത്തിയായി വൈഡ് ബോഡി എയർക്രാഫ്റ്റ് വിമാനങ്ങൾ ഇറങ്ങാൻ സാധിക്കുന്നതോടെ ഹജ്ജ് യാത്രികരുടെ ഉയർന്ന യാത്രക്കൂലി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു.
കോഴിക്കോട് വിമാനത്താവളത്തിന്റെയും വികസനം എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ നടന്ന എയർക്രാഫ്റ്റ് ഒബ്ജക്ട് ബില്ലിന്മേൽ ചർച്ചയിൽ കോഴിക്കോട്ടുനിന്നുള്ള ഹജ്ജ് യാത്രികരിൽനിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നത് ഹാരിസ് ബീരാൻ ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രി ഇക്കാര്യത്തിൽ മറുപടി നൽകിയത്.
കേവലം 80 കിലോമീറ്റർ മാത്രം ദൂര വ്യത്യാസമുള്ള കണ്ണൂരിനെ അപേക്ഷിച്ച് കോഴിക്കോട്ടുനിന്ന് ഹജ്ജിനു പോകുന്നവർക്ക് 40,000 രൂപ അധികം നൽകേണ്ടിവരുന്നത് അന്യായമാണെന്നും ഹാരിസ് ബീരാൻ സഭയിൽ വ്യക്തമാക്കി.
കോഴിക്കോട്ടുനിന്ന് വൈഡ് ബോഡി ക്രാഫ്റ്റ് സർവിസ് നടത്തുന്നതിനു വേണ്ട സജ്ജീകരണങ്ങൾ കേന്ദ്രം കൈക്കൊള്ളണമെന്നും എം.പി ആവശ്യപ്പെട്ടു.