ചെരുപ്പടി മല റോഡിൽ യുവാവിന്റെ അപകട മരണം: ബൈക്ക് യാത്രികരായ കൗമാരക്കാരെ നിയന്ത്രിക്കണം

വേങ്ങര: ചെരുപ്പടി മല റോഡിൽ ബൈക്ക് യാത്രികരായ കൗമാരക്കാരെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഇക്കഴിഞ്ഞ ദിവസം പെയിന്റിംഗ് ജോലിക്കാരനായ യുവാവ് അർദ്ധരാത്രി ബൈക്ക് ആക്സിഡന്റിൽ മരണപ്പെട്ടത് ഈ ഏരിയയിൽ നടന്ന അവസാനത്തെ സംഭവമത്രേ. അധികൃതരുടെ അനാസ്ഥ കാരണം ഇവിടെ ഇനിയും കൗമാര ജീവനുകൾ പൊലിയാൻ ഇടയാക്കരുതെന്നു ജനം മുന്നറിയിപ്പ് നൽകുന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. അവധി ദിവസങ്ങൾ ആഘോഷിക്കാനും മറ്റുമായി മിനി ഊട്ടിയിലും, ചെരുപ്പടി മലയിലും ബൈക്കുകളിൽ എത്തുന്ന കൗമാരക്കാരാണ് അപകടത്തിൽ പെടുന്നവരിൽ ഏറിയ പങ്കും. 

കൂട്ടുകാരുടെ ബൈക്കുകളിലും വാടകക്കെടുക്കുന്ന വാഹനങ്ങളിലും ചീറിപ്പാഞ്ഞു മലറോഡ് കയറുന്നതിനാണ് ഇവരിൽ ഏറിയ പങ്കും ചെരുപ്പടിമല തെരഞ്ഞെടുക്കുന്നത്. സൈലൻസറുകൾ ഊരി വെച്ച് കാതടപ്പിക്കും വിധം ശബ്ദം പുറപ്പെടുവിക്കുന്ന ബൈക്കുകളിലാണ് ഇവർ ഇവിടെ എത്തുന്നത്. ഇവരെ നിയന്ത്രിക്കുന്നതിനു പൊലീസ് നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കൊണ്ടോട്ടിയിൽ നിന്നും നെടിയിരുപ്പിൽ നിന്നും, കണ്ണമംഗലം, മലപ്പുറം എന്നിവിടങ്ങളിൽ നിന്നും മിനി ഊട്ടിയിൽ എത്താനുള്ള റോഡുകളുണ്ട്. ഇതിൽ നെടിയിരുപ്പ്, കണ്ണമംഗലം ഭാഗങ്ങളിൽ നിന്നുള്ള റോഡുകളിലാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. ഏതാനും നാളുകൾക്ക് മുമ്പാണ് പരീക്ഷാ ദിനങ്ങൾക്കിടെ മിനി ഊട്ടി സന്ദർശിക്കാനെത്തിയ വിദ്യാർഥികൾ അപകടത്തിൽ പെട്ടതും മരണത്തിനു കീഴടങ്ങിയതും. കരിങ്കൽ ക്രഷറുകളും കോറികളും ധാരാളമായി പ്രവർത്തിക്കുന്ന ചെരുപ്പടി മലയിലേക്കുള്ള റോഡിൽ സർവീസ് നടത്തുന്നത് കൂടുതലും ഹെവി ടിപ്പർ ലോറികളും ടോറസ് വാഹനങ്ങളുമാണ്. ഇവക്കിടയിലൂടെ ബൈക്കിൽ ചീറിപ്പായുന്ന കൗമാരക്കാരിൽ പലരും ഇവിടെ എത്തുന്നത് ലഹരി മരുന്നുകൾ ഉപയോഗിക്കാനും മറ്റു അനാശാസ്യ പ്രവർത്തനങ്ങൾക്കുമാണെന്ന് പരക്കെ ആക്ഷേപമുണ്ട്. അത് കൊണ്ട് ഇവിടങ്ങളിലെ വാഹനാപകടങ്ങൾ കുറക്കുന്നതിനു പൊലീസിന്റെ സത്വര ശ്രദ്ധയും നിരന്തരമായ പട്രോളിങും ആവശ്യമാണെന്ന് നാട്ടുകാർ പറയുന്നു. 

ഞായറാഴ്ചകളിലും മറ്റു പൊതു അവധി ദിവസങ്ങളിലും മിനി ഊട്ടി സന്ദർശിക്കാനെത്തുന്നവരുടെ വാഹനങ്ങളുടെ തിരക്കാണ് ഈ റോഡിൽ അനുഭവപ്പെടുന്നത്. നെടിയിരുപ്പിൽ നിന്നും, തോട്ടശേരിയറയിൽ നിന്നും കോളനി റോഡ് വഴി മിനി ഊട്ടിയിലേക്ക് അഞ്ചു കിലോമീറ്ററോളം ദൂരമേ ഉള്ളൂ. അപകടങ്ങൾ ഏറെയും നടക്കുന്നതും അതിനിടക്കാണ് താനും. വാഹനങ്ങളുടെ സ്പീഡ് നിയന്ത്രിക്കുന്നതിനും യാത്രികർക്ക് അപകടസംബന്ധമായ മുന്നറിയിപ്പ് നല്കാനും പൊലീസ് സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. അതോടൊപ്പം ഈ റോഡിലെ അപകടകരമായ വളവുകളിൽ റോഡിനു വശത്തു ശക്തിയേറിയ ഇരുമ്പു വലകൾ സ്ഥാപിക്കണമെന്നും സൂചന ബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}