ഇന്ത്യൻ സമയം പുലർച്ചെ 3.40 നാണ് ഇവരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകം ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിൽ ഇറങ്ങിയത്. ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരായിരുന്നു സുനിതയ്ക്ക് ഒപ്പമുണ്ടായിരുന്നത്. കടൽപരപ്പിലിറങ്ങിയ
പേടകത്തിനടുത്തേക്ക ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗൻ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്റെ വാതിൽ തുറന്നു.
4.25ഓടെ നാലു ബഹിരാകാശ യാത്രികരും പേടകത്തിനു പുറത്തെത്തി. ഇവരെ പ്രത്യേക സ്ട്രച്ചറിൽ മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടു പോയി. നാലു പേരും പുറത്തിറങ്ങിയത് നിറഞ്ഞ ചിരിയോടെ. ചുറ്റിലും കൂടിയവർ സ്വീകരിച്ചത് കൈയടികളോടെ. ഡ്രാഗൺ ക്യാപ്സൂൾ ഭൂമിയിലേക്ക് സുരക്ഷിതമായി ഇറക്കുന്ന ദൗത്യം വിജയകരമായി പൂർത്തിയായിരിക്കുന്നു.