എട്ടാംക്ലാസ് പരീക്ഷാഫലം ഏപ്രിൽ നാലിന് പ്രഖ്യാപിക്കും. എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് ഈ അധ്യയനവർഷം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. എട്ടാംക്ലാസിൽ 30 ശതമാനം മാർക്ക് നേടാത്തവർക്ക് പഠനപിന്തുണനൽകി ഏപ്രിൽ അവസാനം വീണ്ടും പരീക്ഷയെഴുതിക്കാനാണ് ഫലപ്രഖ്യാപനം നേരത്തേയാക്കുന്നത്.
മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിലുള്ള വിദ്യാഭ്യാസ ഗുണമേന്മാസമിതിയുടേതാണ് തീരുമാനം. എട്ടാംക്ലാസിൽ മൊത്തം 50 മാർക്കിൽ 40 മാർക്കിനാണ് എഴുത്തുപരീക്ഷ. ഇതിൽ 12 മാർക്ക് നേടാത്തവരുടെ പട്ടിക ക്ലാസ്ടീച്ചർ ഏപ്രിൽ അഞ്ചിന് തയ്യാറാക്കും. പഠനപിന്തുണ ആവശ്യമുള്ളവരുടെ രക്ഷിതാക്കളുടെ യോഗം ആറിനും ഏഴിനുമായി ചേരും.
തുടർന്ന്, ഏപ്രിൽ എട്ടുമുതൽ 24 വരെയുള്ള ദിവസങ്ങളിൽ ക്ലാസുകൾ നൽകും. രാവിലെ ഒൻപതരമുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. 25-ന് വീണ്ടും പരീക്ഷനടത്തി 30-നു ഫലം പ്രഖ്യാപിക്കും.
മിനിമം മാർക്ക് നിബന്ധന അടുത്തവർഷം ഒൻപതിലും തൊട്ടടുത്തവർഷം പത്തിലും നടപ്പാക്കും. അധ്യാപകർക്ക് വേനലവധിക്കാലത്ത് അഞ്ചുദിവസത്തെ പരിശീലനംനൽകും. സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും അധ്യയനവർഷം തുടങ്ങുന്നതിനുമുൻപ് പൂർത്തിയാക്കണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു.