തേഞ്ഞിപ്പലം: പെരുന്നാൾ ദിനത്തിൽ നിറകണ്ണുകളോടെ വിടവാങ്ങുന്ന പ്രിയ അധ്യാപികയ്ക്ക്, ഇസ മെഹറിൻ്റെ കുഞ്ഞുകൈകളാൽ മൈലാഞ്ചിച്ചുവപ്പ് ചാർത്തി എളമ്പുലാശ്ശേരി സ്‌കൂൾ. 36 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് പി.എം. ഷർമിള ടീച്ചർക്ക് മറക്കാനാവാത്ത യാത്രാമൊഴി നൽകി സ്‌കൂൾ. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി അറബി വേഷം ധരിച്ച് ആദിവ്,സൈഹാൻ, ആദിൽ,ഹാസിം, റിസ്‌വാൻ,അഷ്‌ഫാക്, ഡാനിഷ്, എന്നിവരും മറ്റുള്ള കുട്ടികളും ടീച്ചർക്ക് ചുറ്റും കൂടി. പ്രീ-പ്രൈമറി ക്ലാസ്സിലെ ഇസ മെഹറിൻ്റെ കുഞ്ഞുകൈകളിൽ നിന്നും ടീച്ചർക്ക് മൈലാഞ്ചിച്ചുവപ്പണിഞ്ഞു നൽകി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പെരുന്നാൾ ദിനത്തിലെ സ്‌നേഹത്തിന്റെയും നൊമ്പരത്തിന്റെയും ഈ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ അധ്യാപകരും രക്ഷിതാക്കളും എത്തിച്ചേർന്നു.
സ്‌കൂളിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച ഷർമിള ടീച്ചർ, 2014 മുതൽ പ്രധാനാധ്യാപികയായി ചുമതലയേറ്റു. ഈ കാലയളവിൽ നിരവധി പുരസ്‌കാരങ്ങൾ സ്കൂളിന് ലഭിച്ചു. രണ്ടുതവണ മികച്ച അധ്യാപക കോർഡിനേറ്റർക്കുള്ള അവാർഡും ഷർമിള ടീച്ചർക്ക് ലഭിച്ചിരുന്നു.
ഷർമിള ടീച്ചർ വിരമിക്കുന്ന ഈ വർഷം ആറ് അവാർഡുകളാണ് സ്കൂളിന് ലഭിച്ചത്. സ്കൂൾ മാനേജർ എം മോഹന കൃഷ്ണന്റെ ഭാര്യ കൂടിയാണ് ഷർമിള ടീച്ചർ.
ടീച്ചറുടെ വിടവാങ്ങൽ ചടങ്ങിൽ പി ടി എ പ്രസിഡന്റ് ഷാനവാസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം മോഹന കൃഷ്ണൻ, പുതിയ ഹെഡ്മിസ്ട്രസ് കെ ജയശ്രീ, കൈത്താങ്ങ് കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ, എം ഇ ദിലീപ്, ഇ എൻ ശ്രീജ, കെ അമ്പിളി, എം അഖിൽ, കെ ജയപ്രിയ,എ ദീപു,പി ഷൈജില, വി ലാൽ കൃഷ്ണ,എം ഉമ്മുഹബീബ, പി അജിഷ, രാജേശ്വരി, ഗ്രീഷ്മ, മസ്ബൂബ എന്നിവർ സംസാരിച്ചു.