വിശുദ്ധിയുടെ മാസത്തിന് പത്തരമാറ്റ് തിളക്കം നൽകുന്ന വിധി നിർണയരാവ്

വിശുദ്ധിയുടെ മാസത്തിന് പത്തരമാറ്റ് തിളക്കം നൽകുന്ന രാവാണ് ലൈലത്തുൽ ഖദ്ർ. വിശ്വാസി സമൂഹത്തിന് ഏറെ പ്രതീക്ഷകളുള്ള രാവ്. ഒരു വർഷത്തിലെ ഏറ്റവും പുണ്യരാത്രിയാണിത്. ഖദ്ർ എന്ന പദത്തിനർഥം വിധി, തീരുമാനം, മഹത്ത്വം എന്നൊക്കെയാണ്. ഈ രാത്രിയിലെ ആരാധനയ്ക്ക് ലൈലത്തുൽ ഖദ്ർ ഇല്ലാത്ത ആയിരം മാസത്തെ ആരാധനകളെക്കാൾ പുണ്യമുണ്ടെന്ന് വിശുദ്ധ ഖുർആൻ നമ്മെ പഠിപ്പിക്കുന്നു. ലൈലത്തുൽ ഖദ്‌റിന്റെ ദിവസം നബിക്ക് അല്ലാഹു അറിയിച്ചു കൊടുത്തിരുന്നുവെന്നാണ് വിശ്വാസം. അതുതന്നെ അനുചരന്മാർക്ക് പറഞ്ഞുകൊടുക്കാൻവേണ്ടി പുറപ്പെട്ട പ്രവാചകൻ കണ്ടത് മുസ്‌ലിങ്ങളിലെ രണ്ടുപേർ തമ്മിൽ ശണ്ഠകൂടുന്നതാണ്. ഉടനെ അല്ലാഹു ആ ജ്ഞാനം ഉയർത്തി. ഇതിനാൽ ലൈലത്തുൽ ഖദ്ർ ഇന്ന ദിവസമാണെന്ന് കൃത്യമായി പറയാൻ സാധ്യമല്ല. സൂക്ഷ്മജ്ഞാനികളായ പണ്ഡിതന്മാരധികവും പല തെളിവുകളും നിരത്തി സമർഥിക്കുന്നത് റംസാനിന്റെ അവസാന പത്തിലാണ് അതെന്നാണ്.

ഖുർആനിൽനിന്നുള്ള സാഹചര്യ നിഗമനങ്ങളുടെയും ഹദീസ് പാഠങ്ങളുടെയും സച്ചരിതരായ പണ്ഡിത മഹത്തുക്കളുടെ മഹദ്‌ വചനങ്ങളുടെയും അടിസ്ഥാനത്തിൽ ലൈലത്തുൽ ഖദ്ർ റംസാൻ 27-ാം രാവിൽ ആകാനുള്ള സാധ്യത ഏറെയാണ്. ഇരുപത്തിയേഴാം രാവിലാണ് ലൈലത്തുൽ ഖദ്ർ എന്നതിന് പ്രശസ്ത ഖുർആൻ വ്യാഖ്യാതാവ് ഇബ്‌നു അബ്ബാസ് വിശുദ്ധഖുർആനിൽനിന്ന് തെളിവ് കണ്ടെടുക്കുന്നത് ഇങ്ങനെയാണ്. ലൈലത്തുൽ ഖദ്ർ പ്രതിപാദിച്ച സൂറത്തിൽ മുപ്പത് വാക്കുകളാണുള്ളത്. റംസാന്റെ ആകെ ദിനങ്ങളുടെ എണ്ണവും അതുതന്നെ. അതിൽ ലൈലത്തുൽ ഖദ്‌റിനെ പ്രത്യേകമായി സൂചിപ്പിക്കുന്നത് 27-ാമത്തെ പദമാണ്. പവിത്രമായ ആ രാവ് 27-നാണെന്നതിന് ഇതിൽ സൂചനയുണ്ട്. ആ രാവ് ശാന്തവും തെളിഞ്ഞ് സുന്ദരവുമായിരിക്കും. അന്നത്തെ ചന്ദ്രശോഭ പൗർണമി ദിനത്തിലേതുപോലെ തിളക്കമാർന്നതായിരിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}