ന്യൂഡൽഹി: രോഗിയുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങൾ കൊണ്ട് കാൻസറിനെ ചികിത്സിക്കുന്ന കാർ ടി സെൽ തെറാപ്പി ഇന്ത്യയിൽ വിജയമെന്ന് പഠനം. രക്താർബുദ രോഗികളായ 73ശതമാനം പേരിലും തെറാപ്പി വിജകരമായിരുന്നെന്ന് അന്താരാഷ്‌ട്ര ജേര്‍ണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ നിലവിലുള്ള കാൻസർ ചികിത്സാരീതികളിൽ ചെലവ് കുറഞ്ഞതും നൂതനവുമാണ് തെറാപ്പിയെന്നും ലാൻസെറ്റ് പറയുന്നു. നിലവിൽ വീണ്ടും രോഗം വന്നതോ കീമോ പോലുള്ള ചികിത്സാ രീതികളോട് പ്രതികരിക്കാത്ത രോഗികൾക്കാണ് തെറാപ്പി ലഭ്യമാക്കുന്നത്.
ചികിത്സയ്‌ക്കിടെ രോഗപ്രതിരോധ കോശങ്ങൾ അനിയന്ത്രിതമായി പ്രവർത്തിച്ച് അവയവങ്ങൾക്ക് കേടുണ്ടാകുന്നത് പോലെയുള്ള പ്രശ്‌നങ്ങളും തെറാപ്പി നേരിടുന്നുണ്ട്. 2017ലാണ് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് രക്താർബുദമുള്ള കുട്ടികളെ ചികിത്സിക്കുന്നതിനായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആദ്യത്തെ കാർ ടി സെൽ തെറാപ്പി അംഗീക്കുന്നത്. നോൺ-ഹോഡ്‌ജിൻ ലിംഫോമ, മൾട്ടിപ്പിൾ മൈലോമ പോലുള്ള രക്താർബുദമുള്ള മുതിർന്നവരുടെ ചികിത്സയക്ക് അംഗീകാരം നൽകി. കേരളത്തിലുൾപ്പെടെ തെറാപ്പി വിജകരമായി പരീക്ഷിച്ചിരുന്നു.