മലപ്പുറം: ശനിയാഴ്ച ഉച്ചക്ക് ശേഷം പെയ്ത കനത്ത മഴയിലും കാറ്റിലും ജില്ലയിലെ വിവിധ ഇടങ്ങളിൽ മരങ്ങൾ വീണു. വാഹനങ്ങൾക്ക് മുകളിലൂടെയും വീടുകൾക്ക് മുകളിലൂടെയും വൈദ്യുതി ലൈനുകൾക്ക് മുകളിലൂടെയുമാണ് മരങ്ങൾ വീണത്.
കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ മച്ചിങ്ങലിൽ ടിപ്പർ ലോറിക്കും കാറിനും മുകളിൽ വീണ മരം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി. മേൽമുറിയിൽ വീടിനു മുകളിൽ മരം വീണു. മലപ്പുറം കൈനോടിൽ റോഡിനു കുറുകെയായി വൈദ്യുതി ലൈനിൽ കൂടി തെങ്ങ് പൊട്ടി വീണു. മലപ്പുറം വേങ്ങര റോഡിൽ ചീനി മരം വീണു ഗതാഗതം തടസ്സപ്പെട്ടു. മുണ്ടുപറമ്പ് ശ്മശാനം റോഡിൽ വൈദ്യുതി ലൈനിൽ മാവ് പൊട്ടി ഗതാഗതം തടസ്സപ്പെട്ടു. ഇവടങ്ങളിൽ എല്ലാം മലപ്പുറം അഗ്നി രക്ഷാ സേന എത്തി മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.