മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി പ്രിയങ്ക ഗാന്ധി എം.പി. ശനിയാഴ്ച വൈകീട്ട് ആറോടെ പാണക്കാട്ടെത്തിയ പ്രിയങ്ക, സാദിഖലി തങ്ങളോടും നേതാക്കളോടുമൊപ്പം ഇഫ്താറിൽ പങ്കെടുത്താണ് മടങ്ങിയത്. ഒരു മണിക്കൂറോളം പ്രിയങ്ക പാണക്കാട്ട് ചെലവഴിച്ചു.
വയനാട് ദുരന്തമേഖലയിലെ പുനരധിവാസവുമായി ബന്ധപ്പെട്ട മുസ്ലിംലീഗ് പദ്ധതിയെക്കുറിച്ച് ചോദിച്ചറിഞ്ഞ പ്രിയങ്ക ഗാന്ധി എല്ലാ പിന്തുണയും വാഗ്ദാനംചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എല്ലാവര്ക്കും പെരുന്നാള്‍ ആശംസയും നേര്‍ന്നാണ് പ്രിയങ്ക മടങ്ങിയത്. പ്രിയങ്കയുടെ വരവ് വലിയ സന്തോഷം നല്‍കുന്നതാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.
സാദിഖലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവർ ചേർന്ന് പ്രിയങ്കയെ സ്വീകരിച്ചു.
മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, പി.കെ. ബഷീര്‍ എം.എല്‍.എ, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, ടി. സിദ്ദീഖ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, ആര്യാടന് ഷൗക്കത്ത്, പി.ടി. അജയമോഹന്, ആലിപ്പറ്റ ജമീല തുടങ്ങിയവർ പങ്കെടുത്തു.