ട്രാഫിക് നിയമ ലംഘനങ്ങള്‍ തടയാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊണ്ടു വന്ന സംവിധാനമാണ് നിരത്തുകളിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍. കെല്‍ട്രോണുമായി സഹകരിച്ചാണ് വകുപ്പ് എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നത്. ക്യാമറകളുടെ പരിപാലനത്തിനും വൈദ്യുതി ചെലവിനും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വലിയ തുകയാണ് ചെലവ്.
എന്നാല്‍ എ.ഐ ക്യാമറകള്‍ ചുമത്തുന്ന പിഴ അടയ്ക്കാന്‍ വാഹന ഉടമകള്‍ തയാറാകാത്തത് വലിയ തലവേദനയാണ് എം.വി.ഡി ക്ക് സൃഷ്ടിക്കുന്നത്. 2023 ജൂണ്‍ മുതലാണ് സംസ്ഥാന വ്യാപകമായി എ.ഐ ക്യാമറകള്‍ സ്ഥാപിക്കുന്നത്. വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുക, ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം ആളുകള്‍ സഞ്ചരിക്കുക, സീറ്റ് ബെല്‍റ്റ് ഇല്ലാതെ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് എ.ഐ ക്യാമറകള്‍ കൂടുതലായും പിഴ ചുമത്തുന്നത്.
*മനഃപൂർവ്വം അവഗണിക്കുന്നു*
നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴ അടയ്ക്കാന്‍ ആളുകള്‍ തയാറാകാത്ത പ്രവണത കണ്ടു വരുന്നുണ്ട്. ചില വാഹന ഉടമകള്‍ക്ക് ചുമത്തിയ പിഴകളെക്കുറിച്ച് അറിവില്ലെങ്കില്‍ ഒരു കൂട്ടര്‍ പിഴ അടയ്ക്കുന്നത് മനഃപൂർവ്വം അവഗണിക്കുന്നതായും കണ്ടു വരുന്നു. എ.ഐ ക്യാമറകളെ കബളിപ്പിക്കാന്‍ ചിലര്‍ വാഹനമോടിക്കുമ്ബോള്‍ തന്ത്രങ്ങള്‍ ഉപയോഗിക്കുന്നതായും കണ്ടു വരുന്നുണ്ട്.
2023 ജൂണ്‍ മുതല്‍ 2025 ഫെബ്രുവരി വരെയുളള കാലയളവില്‍ എ.ഐ ക്യാമറകള്‍ കണ്ടെത്തിയ വിവിധ നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴയില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം എം.വി.ഡി ക്ക് ഏകദേശം 40 കോടി രൂപ ലഭിച്ചിട്ടില്ല. സംസ്ഥാന വ്യാപകമായി പിരിഞ്ഞു കിട്ടാത്ത പിഴ വലിയ തുകയായിരിക്കുമെന്നാണ് കണക്കാക്കുന്നത്.
*നിയമ ലംഘനങ്ങള്‍ വർദ്ധിക്കുന്നു*
പിഴ അടയ്ക്കാത്തവര്‍ക്ക് എതിരെ കർശനമായ കോടതി നടപടികളും കേന്ദ്ര സർക്കാർ നിയമങ്ങള്‍ അനുസരിച്ച് ഉയർന്ന പിഴകളും ഉടൻ ചുമത്താനുളള ഒരുക്കത്തിലാണ് അധികൃതര്‍. വാഹനങ്ങളെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് അടക്കമുളള നടപടികളും നേരിടേണ്ടി വന്നേക്കാം.
പിഴത്തുക അടച്ച് തുടർനടപടികളില്‍ നിന്ന് ഒഴിവാവുന്നതിനായി നിയമലംഘകർക്ക് കൃത്യസമയത്ത് സന്ദേശങ്ങള്‍ അയയ്ക്കുന്നതായി എം.വി.ഡി വ്യക്തമാക്കുന്നു. അതേസമയം, എ.ഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണം വലിയ തോതില്‍ വർദ്ധിക്കുന്നുണ്ട്. കഴിഞ്ഞ മാസം മാത്രം കോഴിക്കോട് ജില്ലയില്‍ 33,000 ത്തിലധികം ഇത്തരം കേസുകളാണ് രജിസ്റ്റർ ചെയ്തത്.