കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന ഹജ്ജ് തീര്‍ഥാടകര്‍ ഇത്തവണയും അമിതനിരക്ക് നല്‍കേണ്ടിവരുമെന്ന് ഉറപ്പായി. നിരക്ക് കുറക്കാന്‍ ഇടപെടാനാകില്ലെന്നും തീരുമാനമെടുക്കാന്‍ പൂര്‍ണാധികാരം വിമാനക്കമ്പനിക്കാണെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അറിയിച്ചു.
നിരക്ക് കുറക്കാനാകില്ലെങ്കില്‍ വ്യക്തമായ വിശദീകരണവും അന്തിമ തീരുമാനവും മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണക്കുറിപ്പ് ഇറക്കിയത്. കേന്ദ്രം നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എടുക്കുന്ന തീരുമാനത്തിലധിഷ്ഠിതമായി മാത്രമേ ടെൻഡറില്‍ രേഖപ്പെടുത്തിയ നിരക്കില്‍ നേരിയ കുറവെങ്കിലുമുണ്ടാകൂ. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള ടിക്കറ്റ് നിരക്കിനേക്കാള്‍ 38,000 രൂപ മുതല്‍ 39,000 രൂപവരെ കരിപ്പൂരില്‍നിന്ന് അധികം നല്‍കേണ്ടിവരുന്ന സാഹചര്യമാണ് നിലവിലേത്.
കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്ക് ഹജ്ജ് സര്‍വിസ് നടത്താൻ എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്കായി 1.25 ലക്ഷം രൂപയാണ് ടെൻഡറില്‍ രേഖപ്പെടുത്തിയത്. അതേസമയം, കണ്ണൂരില്‍ ഇതേ വിമാനക്കമ്പനി 87,000 രൂപയും കൊച്ചിയില്‍നിന്ന് സൗദി എയര്‍ലൈന്‍സ് 86,000 രൂപയുമാണ് രേഖപ്പെടുത്തിയത്.