ഇന്ന് മാർച്ച് 08 അന്താരാഷ്ട്ര വനിതാദിനം. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം.
ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വർഷവും മാർച്ച് 8 നാണ് ആചരിക്കുന്നത്. ഈ ദിനത്തിന് ഒരുപാട് ചരിത്ര നിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാ ദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്.
സ്ത്രീകളോടുള്ള വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്.