മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു രാഷ്ട്രീയ പാർട്ടികൾ ഒരുക്കം തുടങ്ങി. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന്റെ സൂചനകളൊന്നും തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയിട്ടില്ലെങ്കിലും ബൂത്തുതല യോഗങ്ങളുൾപ്പെടെ വിളിച്ചുചേർത്ത് ഇരു മുന്നണികളും കളമൊരുക്കൽ സജീവമാക്കി. തിരഞ്ഞെടുപ്പു ഫലം പി.വി.അൻവറിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുമെന്നതിനാൽ തൃണമൂൽ കോൺഗ്രസും മണ്ഡലത്തിൽ സാന്നിധ്യമറിയിക്കുന്നുണ്ട്.
ജനപ്രതിനിധി രാജിവച്ചു 6 മാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തണമെന്നതാണു ചട്ടം. ഇതുപ്രകാരം ജൂലയ് വരെ സമയമുണ്ട്. അതേസമയം, പരാജയ ഭീതി മുന്നിൽകണ്ടു തിരഞ്ഞെടുപ്പു മാറ്റിവയ്പ്പിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന ആരോപണവുമായി പി.വി.അൻവർ രംഗത്തെത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലാ ഭരണകൂടത്തിനു തിരഞ്ഞെടുപ്പു കമ്മിഷനിൽ നിന്നു സന്ദേശമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
മുന്നൊരുക്കങ്ങൾക്കൊപ്പം സ്ഥാനാർഥി ചർച്ചകളും സജീവമാണ്. കോൺഗ്രസിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് എന്നിവരുടെ പേരുകൾ തന്നെയാണു ഉയർന്നു കേൾക്കുന്നത്. എഐസിസിയും കെപിസിസിയും മണ്ഡലത്തിൽ ഇതിനകം സർവേ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും അന്തിമ തീരുമാനം.
സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.എം.ഷൗക്കത്ത്, പി.ഷബീർ എന്നിവരുടെ പേരുകളാണു ഇടതുപക്ഷത്തിനായി ചർച്ചയിലുള്ളത്. ചുങ്കത്തറ സ്വദേശിയായ ഷബീർ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കൂടിയാണ്. ജില്ലാ പഞ്ചായത്ത് വഴിക്കടവ് ഡിവിഷനിൽ യുഡിഎഫിനെതിരെ അട്ടിമറി വിജയം നേടിയ ഷെറോണ റോയിയുടെ പേരും പരിഗണനയിലുണ്ട്. അതേസമയം, സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യതയും സിപിഎം ഉറ്റുനോക്കുന്നുണ്ട്. ഡിസിസി പ്രസിഡന്റ് പദവി വരെ വഹിച്ച ടി.കെ.ഹംസയെ ഇടതു സ്വതന്ത്രനായി പരീക്ഷിച്ചു വിജയിച്ച മണ്ഡലമാണു നിലമ്പൂർ. പല തലങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സ്ഥാനാർഥി നിർണയം സംബന്ധിച്ച അന്തിമ തീരുമാനം തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷമാകും.
ഒന്നാംഘട്ട ബൂത്ത്തല അവലോകനവും മണ്ഡലംതല നേതൃയോഗവും പൂർത്തിയാക്കിയ യുഡിഎഫ് രണ്ടാംഘട്ടത്തിലേക്കു കടക്കാനൊരുങ്ങുകയാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജാണ് സിപിഎമ്മിനായി മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.