വേങ്ങര: ചുറ്റുപാടുമുള്ള മനുഷ്യരെ മതത്തിന്റെ പേരിലോ കൊടിയുടെ നിറത്തിന്റെ പേരിലോ വേർതിരിക്കാതെ, രാഷ്ട്രീയ സംഘങ്ങളുടെയോ മറ്റേതെങ്കിലും വിഭാഗത്തിന്റെയോ അരിക് ചേർന്ന് നിൽക്കാതെ സമൂഹത്തെ ഒന്നായിക്കണ്ടൊരു ഇഫ്താർ. അതും സാധാരണക്കാരായ നാട്ടുകാരെയും അയൽ പ്രദേശവാസികളേയും വി ഐ പി പരിഗണനയിൽ ചേർത്ത് വെച്ച് ഒരു സൗഹാർദ്ദ കൂട്ടായ്മ. അതാണ് കുറ്റൂർ നോർത്ത് ഹുജ്ജത്തുൽ ഇസ്‌ലാം മദ്രസ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സമൂഹ നോമ്പു തുറ. ഇവിടെ സൗഹാർദ്ദത്തിൻ്റെ സ്നേഹം ചാലിച്ച് വിളമ്പിയ വിഭവങ്ങൾ കഴിച്ച് നോമ്പുതുറന്നവർ 1500 ൽ പരം മനുഷ്യർ.
2001 ൽ ചെറിയ രീതിയിൽ ആരംഭിച്ച ഈ സമൂഹ നോമ്പുതുറ മഴക്കാലവും കോവിഡും കുറച്ച് വർഷങ്ങൾ തടസ്സപ്പെടുത്തിയതൊഴിച്ചാൽ ഇത് 12-ാം തവണയാണ് സംഘടിപ്പിക്കുന്നത്.
ഓരോ വർഷവും പങ്കാളിത്തം കൂടി വരുന്ന കാഴ്ച്ചയാണ് കാണുന്നത്. നാട്ടുകാരുടെ ഒരു സന്തോഷത്തിൻ്റെ ആഘോഷമാണ് ഇത്. നാട്ടിൽ മതസൗഹാർദ്ദം നിലനിർത്താൻ ഇത്തരം പരിപാടികൾ അത്യാവശ്യമാണ്.
വരും വർഷങ്ങളിൽ കൂടുതൽ സൗകര്യങ്ങളോടെ അതി വിപുലമായി തന്നെ ഈ നോമ്പുതുറ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.