വേങ്ങര: "ഒരു കലം പുസ്തകം ഒരു കടലോളം അറിവ് പകരും" എന്ന തലക്കെട്ടിൽ വേറിട്ട പുസ്തക ക്യാമ്പയിന് തുടക്കം കുറിച്ചു വേങ്ങര ഗ്രാമ പഞ്ചായത്ത് സായംപ്രഭാ ഹോം.
സായംപ്രഭാ ഹോം ലൈബ്രറിയിലേക്ക് പുസ്തകം ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ക്യാമ്പയിൻ തുടങ്ങിയത്. വായിച്ചുതീർത്തതോ, വീട്ടിൽ സെൽഫിൽ ചുമ്മാ കിടക്കുന്നതോ അല്ലെങ്കിൽ പഴയതോ, പുതിയതോ ആയിട്ടുള്ള പുസ്തകങ്ങൾ സായംപ്രഭാ ഹോം ലൈബ്രറിയിലേക്ക് നൽകാവുന്നതാണ്.
ഇത്തരം പുസ്തകങ്ങൾ സ്വരൂപിക്കുന്നതിനായി സായംപ്രഭയുടെ പരിസരത്ത് പ്രത്യേക ഇൻസ്റ്റലേഷൻ കലയിൽ പൊതുജനങ്ങൾക്ക് പുസ്തകങ്ങൾ സമർപ്പിക്കാവുന്നതാണ്. 10-03-2025 തിങ്കളാഴ്ച മുതൽ 15-03-2025 ശനിയാഴ്ച വരെയാണ് ക്യാമ്പയിൻ.
പുസ്തക ശേഖരണ ക്യാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാൻ എ കെ സലീം, വികസന സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ഹസീന ബാനു, വാർഡ് മെമ്പർമാർ കുറുക്കൻ മുഹമ്മദ്, സി പി കാദർ, എം പി ഉണ്ണികൃഷ്ണൻ, സായംപ്രഭാ ഫെസിലിറ്റേറ്റർ ഇബ്രാഹീം എ കെ, സായംപ്രഭയിലെ മുതിർന്ന പൗരന്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.