പറപ്പൂർ: വൈവിധ്യമാർന്ന ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് പ്രസിദ്ധമായ പറപ്പൂർ ശ്രീകുറുമ്പക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം സമാപ്പിച്ചു. ഫെബ്രുവരി 21 ന് വെള്ളിയാഴ്ച ഉച്ചയോടെ നടന്ന താലപ്പൊലി നിശ്ചയം കുറിക്കൽ ചടങ്ങൊടെയാണ് ഉത്സവത്തിന് ആരംഭമായത്. തുടർന്ന് ആവേനും ചോപ്പനും, പൂതനും ദേശക്കാളയും വിവിധ ദേശങ്ങളിൽ നിന്നുള്ള കാളവരവ് സംഘങ്ങളും ചേർന്ന് ഉത്സവത്തിന്റെ വരവ് അറിയിച്ച് ഊര് ചുറ്റി. വ്യാഴാഴ്ച രാവിലെ വലിയ പന്തലിനു കാൽ നാട്ടിയതോടെ ഉത്സവദിന ചടങ്ങുകൾക്ക് ആചാരപരമായ തുടക്കമായി.
വെള്ളിയാഴ്ച പുലർച്ചെ നടതുറന്ന് ഗണപതി ഹോമവും, കാവുണർത്തലും നടന്നു. തുടർന്ന് കവുങ്ങ് എഴുന്നെള്ളിപ്പ് നടന്നു. ഈ കവുങ്ങും മുളയും പരമ്പും, ഓലയും ഉപയോഗിച്ച് ക്ഷേത്രത്തിന്റെ മുൻഭാഗത്ത് താലപ്പൊലി തറക്കും കാള തറക്കും മുൻപിലായി കെട്ടി ഉണ്ടാക്കുന്ന താൽകാലിക ക്ഷേത്രമായ പന്തലകത്തിൽ ദേവിയെ കുടിയിരുത്തിയാണ് ഉത്സവ ചടങ്ങുകൾ നടന്നത്. ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളാണ് ഈ ചടങ്ങുകൾ നിർവഹിച്ചുപോരുന്നത്.
ഉഷപൂജ ഉച്ചപൂജ പ്രസാദ ഊട്ട് എന്നിവക്ക് ശേഷം അവകാശികൾക്കുള്ള ഭക്ഷണ അളവ് നടന്നു. അതിന് ശേഷമാണ് ദേശത്തെ അവകാശക്കാള എത്തിചേർന്നത്. തുടർന്ന് വിവിധ ദേശങ്ങളിൽ നിന്നുള്ള ഗംഭീര കൊടി വരവുകൾ എത്തിചേർന്നു. പടുകൂറ്റൻ കാളസെറ്റ്, തെയ്യം, പൂക്കാവടി, വിവിധ വേഷവിധാനങ്ങൾ എന്നിവയാൽ വർണാഭമായി ഓരോ കാളവരവുകളും. ക്ഷേത്രത്തിലെ ദേവി കാളപുറത്ത് എത്തിച്ചേർന്നു എന്ന ഐതീഹ്യവുമായി ബന്ധപ്പെട്ടതാണ് കാളവരവുകൾ. കോട്ടയ്ക്കൽ കൈപ്പള്ളിക്കുണ്ടിൽ നിന്ന് ശ്രീരാമപട്ടാഭിഷേകം, വാളക്കുളം ചീനിപടിയിൽ നിന്നുള്ള ഭീമകാരങ്ങളായ കാള, ചോലക്കുണ്ട് കുളത്തിങ്കൽ, വീണാലുക്കൽ കിളിയംകുന്നുമാട്, വാളക്കുളം ഞാറത്തടം,ചുടലപ്പാറ, അരിച്ചോൾ, ചെറുകുന്ന്, കുളത്തൂപറമ്പ്, ഇരിങ്ങല്ലൂർ, കോട്ടയ്ക്കൽ നയാടിപാറ, കൊഴുർ, ചെമ്മീൻചെരിവ് കുംഭാരകോളനി, ആട്ടീരി തുടങ്ങിയ ദേശങ്ങളിൽ നിന്നും, ചെറുകുന്ന് ഭാഗത്ത് നിന്നുള്ള പുതിയ ഒരു കാളവരവും ഉൾപ്പടെ പതിനാറിൽ പരം കാളവരവുകൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. പുലർച്ചെ രണ്ടുമണിവരെ ഇത് തുടർന്നു.
രാത്രി പന്ത്രണ്ടു മണിയോടെ ദേവിയെ പുറത്തേക്ക് എഴുന്നെള്ളിച്ചു.
തുടർന്ന് പരദേവതയുടെ വെളിച്ചപ്പാട്, ഭൂതം കളി, താലപ്പൊലി എഴുന്നെള്ളിപ്പ്,
താലപ്പൊലി, വടക്കൻ വാതുക്കൽ കർമ്മം, അരിയേറ്, നായാട്ട്പുറാട്ട്, ദണ്ഡ് നാട്ടി കർമ്മങ്ങൾ, പുഴയിൽ ദണ്ഡ് ഒഴുക്കൽ, അരിയളവ് എന്നീ ചടങ്ങുകൾക്ക് ശേഷം ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ദേവിയെ മേളത്തോടുകൂടി ക്ഷേത്രത്തിലേക്ക് തിരിച്ചു എഴുന്നെള്ളിച്ച് നടയടച്ചതോടെ ഈ വർഷത്തെ താലപ്പൊലി മഹോത്സവത്തിന് സമാപനമായി.
കോട്ടയ്ക്കൽ കിഴക്കേ കോവിലകം ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്രമാണ് ശ്രീകുരുംഭക്കാവ്. കോവിലകം ട്രസ്റ്റി മാനേജറും, ഭാരവാഹികളും മേൽനോട്ടം വഹിച്ച ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രസമിതി ഭാരവാഹികൾ,ക്ഷേത്രം മേൽശാന്തി നീലമന വടക്കേമഠം നാരായണൻ എമ്പ്രാന്തിരി, നരിയ്യഞ്ചേരി തറവാട് കാരണവർ,ബന്ധപ്പെട്ടവർ,ക്ഷേത്രത്തിലെ വിവിധ പാരമ്പര്യ അവകാശികളായ കുന്നംകുളം ആവേൻ,കൊടിഞ്ഞി ചോപ്പൻ,തണ്ടാൻ, പൂക്കുട്ടി, ആശാരി, കരുവാൻ, നാലുപുര, തട്ടാൻ, കുറുപ്പ്,തുടങ്ങി 64 ൽ പരം അവകാശികളും ചേർന്നാണ് ഉത്സവം നടത്തിയത്. ക്ഷേത്ര സമിതി ഭാരവാഹികളായ എം പി ഹരിദാസൻ, സിപി രാധാകൃഷ്ണൻ, പി അറുമുഖൻ, എം കുഞ്ഞാപ്പു, കൃഷ്ണകുമാർ, പ്രഭാശങ്കർ, രവിനാഥ് ഇന്ദ്രപ്രസ്ഥം, സുധാകരൻ, സി ഗോപി, ബാബു തപസ്യ, കെ പി പ്രകാശൻ, എം പി രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.