കോട്ടക്കൽ: കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ ശാസ്ത്ര രംഗത്ത് നൂതന ആശയങ്ങൾ സമർപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സമ്മാനിക്കുന്ന 2024 വർഷത്തെ ഇൻസ്പെയർ അവാർഡിന് മാറാക്കര എ.യു.പി.സ്കൂളിലെ തീർത്ഥ.കെ എന്ന വിദ്യാർത്ഥിനി അർഹയായി. ഏഴാം തവണയാണ് ഈ സ്കൂളിൽ അവാർഡ് എത്തുന്നത്.
അലക്കിയ തുണി മഴ നനയാതെ ഉണക്കാനിടാനുള്ള ഉപകരണം. അന്തരീക്ഷത്തിൽ മഴക്കോൾ വന്നാൽ സെൻസറിൻ്റെ സഹായത്താൽ മനുഷ്യ സഹായമില്ലാതെ തന്നെ വസ്ത്രങ്ങൾ മഴ നനയാതെ വീടിൻ്റെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റപ്പെടുകയും അന്തരീക്ഷം തെളിഞ്ഞാൽ വീണ്ടും തൽസ്ഥാനത്തേക്ക് എത്തുകയും ചെയ്യും. പ്രസ്തുത കണ്ടെത്തലിനാണ് തീർത്ഥക്ക് അവാർഡ് ലഭിച്ചത്.
പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് ലഭിക്കുന്നത്. മുൻവർഷങ്ങളിൽ 9 പേരാണ് ഇൻസ്പെയർ അവാർഡ് കരസ്ഥമാക്കിയത്. ഈ വർഷം പ്രൈമറി തലത്തിൽ പ്രസ്തുത അവാർഡ് നേടിയ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ രണ്ടാമത്തെതും കുറ്റിപ്പുറം ഉപ ജില്ലയിലെ ഏക വിദ്യാലയവുമാണ് എ.യു.പി.എസ് മാറാക്കര.
ശാസ്ത്ര ഗവേഷണങ്ങൾക്കുപുറമെ കായിക രംഗത്തും തീർത്ഥ മുന്നേറ്റം കാഴ്ച വെച്ചിട്ടുണ്ട്. ജില്ലാ തല ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം കരസ്ഥമാക്കി സംസ്ഥാന ടീമിൽ ജില്ലയെ പ്രതിനിധീകരിക്കാനും സാധിച്ചു. മാറാക്കര എ.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ തീർത്ഥ മാറാക്കര കടവത്ത് സുധീഷ് കുമാർ, രജ്ഞിനി ദമ്പതികളുടെ പുത്രിയാണ്.
വിദ്യാർത്ഥിയെയും നേട്ടം കൈവരിച്ചതിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും മാനേജ്മെൻ്റും പി.ടി.എ യും അഭിനന്ദിച്ചു. തീർത്ഥക്കുള്ള ഉപഹാരം മാനേജർ പി.എം.നാരായണൻ നമ്പൂതിരി സമ്മാനിച്ചു. വാർഡ് മെമ്പർ കെ.പി. അനീസ്, പി.ടി.എ പ്രസിഡണ്ട് മുഹമ്മദലി പള്ളിമാലിൽ, പ്രധാനാധ്യാപിക ടി.വൃന്ദ, ടി.പി.അബ്ദുല്ലത്തിഫ്, കെ.എസ്.സരസ്വതി, ഉസ്മാൻ, കെ.ബേബി പത്മജ, പി.എംരാധ, പി.പി.മുജീബ് റഹ്മാൻ, കെ.പ്രകാശ്, ടി.എം.കൃഷ്ണ ദാസ് തുടങ്ങിയവർ സംബന്ധിച്ചു.