സാമ്പത്തിക വർഷത്തെ ബില്ലുകൾ മാർച്ച് 25 വരെ സമർപ്പിക്കാമെന്നു തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച സർക്കാർ 24നു തന്നെ ട്രഷറി നിയന്ത്രണം നടപ്പാക്കി. ഇതോടെ കോടിക്കണക്കിനു രൂപയുടെ പദ്ധതി ബില്ലുകൾ പാസാകാതെ തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി. കിട്ടാനുണ്ടായിരുന്ന ഈ തുക അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിൽ നിന്നു നീക്കിവയ്ക്കണം. ഇതോടെ അടുത്ത വർഷത്തേക്കായി നിശ്ചയിച്ച പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വരും.
മാർച്ച് 25നു വൈകിട്ട് വരെ ബില്ലുകൾ മാറി നൽകാമെന്നും 26 മുതൽ ക്യൂലിസ്റ്റിൽ ഉൾപ്പെടുത്താമെന്നും കാണിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത് 19നാണ്. തദ്ദേശ സ്ഥാപനങ്ങൾ അതിവേഗം ബില്ലുകൾ തയാറാക്കി 24നു രാവിലെ ട്രഷറിയിൽ എത്തിച്ചപ്പോഴാണ് നിയന്ത്രണം നിലവിൽ വന്നതായി അറിയുന്നത്. ഒരു ലക്ഷം രൂപയിൽ താഴെയുള്ള ബില്ലുകൾ മാത്രമാണ് അനുവദിക്കുന്നത്. മറ്റു ബില്ലുകൾ മാറി നൽകാതെ വാങ്ങി വയ്ക്കുകയാണ്.