വേങ്ങര: സബാഹ് സ്ക്വയറിൽ നടന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഫെബ്രുവരി 27നുണ്ടായ സംഘർഷത്തിൽ പോലിസ് കേസ് രജിസ്റ്റർ ചെയ്തു.
കാണികളായ തിരിച്ചറിയാവുന്ന പത്ത് പേർക്കെതിരെയും കണ്ടാലറിയാവുന്ന 20 ഓളം പേർക്കെതിരെയുമാണ് കേസ്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സംഘം ചേർന്ന് ബാരിക്കേഡ് തല്ലിപൊളിച്ചു ഗ്രൗണ്ടിലേക്ക് ഇറങ്ങുകയും വളണ്ടിയർമാരായ സാദിഖ് ഷാ, നൗഷാദ് എന്നിവരെ തടഞ്ഞു നിർത്തി അടിക്കുകയും കസേര കൊണ്ട് എറിയുകയും ചെയ്തു. കൂടാതെ, സൗണ്ട് സിസ്റ്റം, എൽ ഇ ഡി ബോർഡ്, കസേരകൾ, ബാരിക്കേഡുകൾ,ഗാലറിയുടെ ചുറ്റുമുള്ള ഫ്ലക്സ് ബോർഡുകൾ എന്നിവ നശിപ്പിക്കുകയും കസേരകൾ, ഫുട്ബോൾ, കോർണർ ഫ്ലാഗുകൾ, ശബ്ദ ഉപകരണങ്ങൾ എന്നിവ എടുത്തു കൊണ്ട് പോവുകയും ചെയ്തുവെന്നാണ് പരാതി.
നാല് ലക്ഷം രൂപയാണ് നാശനഷ്ടം കണക്കാക്കുന്നത് . മത്സരം സംഘർഷാവസ്ഥയിൽ എത്തിയതോടെ നിർത്തിവെച്ചിരുന്നു. അന്നത്തെ മത്സരം നിയന്ത്രിച്ച റഫറി ജലീലിനെ താൽക്കാലികമായി മാറ്റിനിർത്താൻ കേരള സെവൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. രണ്ടാം സെമിഫൈനൽ ഇന്ന് രാത്രി 10 മണിക്ക് നടക്കും. സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഗോൾഡ് സ്റ്റാർ പത്തുമൂച്ചി സ്പോൺസർ ചെയ്യുന്ന ഇസ്സ ഗ്രൂപ്പ് ചെർപ്പുളശ്ശേരിയും തമ്മിലാണു പോരാട്ടം.