പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഓർമയായിട്ട് ഇന്നേക്ക് 3 വർഷം

മലപ്പുറം: പാണക്കാട് ‘ദാറുന്നഈം’ വീടിന്റെ മുറ്റത്തും പറമ്പിലും നിറയെ മരങ്ങളാണ്. അവിടെ പൂമുഖത്തിരുന്ന് സൗമ്യമായ പുഞ്ചിരിയിലൂടെ ആശ്വാസത്തണൽ വിരിച്ചിരുന്നൊരാളുടെ ഓർമ, വിട പറഞ്ഞു 3 വർഷത്തിനിപ്പുറവും പച്ചപ്പോടെ നാടിന്റെ മനസ്സിലുണ്ട്. ആത്മീയ നേതാവും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനുമായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഓർമകൾക്കു ഇന്നു മൂന്നാണ്ട്. 2022 മാർച്ച് 6ന് ആണ് അദ്ദേഹം അന്തരിച്ചത്. അടുപ്പമുള്ളവർ പ്രിയത്തോടെ ‘ആറ്റപ്പൂ’ എന്നു വിളിച്ചിരുന്ന തങ്ങളുടെ ഓർമ അദ്ദേഹവുമായി ഇടപെട്ടിരുന്നവരുടെയെല്ലാം മനസ്സിൽ ഇന്നും ഒളി മങ്ങാതെയുണ്ട്.

പാണക്കാട് തങ്ങൾ കുടുംബത്തിന്റെ സൗമ്യത മുഖമുദ്രയാക്കി മാറ്റിയ നേതാവായിരുന്നു ഹൈദരലി തങ്ങൾ. സഹോദരൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷം 12 വർഷം മുസ്‌ലിം ലീഗിനെ നയിച്ച അദ്ദേഹം പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയുടെ വഴികാട്ടിയായി. മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൈദരലി തങ്ങൾ പ്രസിഡന്റ് പദവി വഹിച്ചതു കുറഞ്ഞ സമയമാണ്. എന്നാൽ, പാർട്ടി വലിയ തിരിച്ചടികൾ നേരിട്ട ഘട്ടത്തിൽ അക്ഷോഭ്യനായി മുന്നിൽനിന്നു നയിച്ചു ചരിത്രത്തിൽ സ്വന്തം മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

മുസ്‌ലിം ലീഗ് സമീപകാലത്ത് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. പാർട്ടിയെ അടിമുടി ഉലച്ച തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം സംഘടനയിൽ നടന്ന ഇളക്കിപ്രതിഷ്ഠകൾക്കു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾക്കൊപ്പം നിർണായക നേതൃത്വം നൽകി. അന്നു ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു ഹൈദരലി തങ്ങൾ. തുടർന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, 2011ൽ ലീഗ് ശക്തമായി തിരിച്ചുവന്നപ്പോൾ സംസ്ഥാന പ്രസിഡന്റെന്ന നിലയിൽ അതിനു ചുക്കാൻ പിടിച്ചു. 3 തവണ തുടർച്ചയായി മത്സരിച്ചവരെ മാറ്റിനിർത്താൻ 2020ലെ തദ്ദേശ തിരഞ്ഞെടുപ്പു കാലത്ത് ലീഗെടുത്ത തീരുമാനം പിന്നീട് ചരിത്രപരമായി വിലയിരുത്തപ്പെട്ടു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. അന്നു മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന പാണക്കാട് സാദിഖലി തങ്ങളാണു അതിനു മുൻകയ്യെടുത്തതെങ്കിലും സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ ഹൈദരലി തങ്ങൾ നൽകിയ ഉറച്ച പിന്തുണയാണു തീരുമാനത്തിനു കരുത്തുപകർന്നതെന്നു ലീഗ് നേതാക്കൾ ഓർക്കുന്നു.

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടികളിലൊന്നിന്റെ തലപ്പത്തിരിക്കുമ്പോഴും ആത്മീയമായ ലാളിത്യമായിരുന്നു ഹൈദരലി തങ്ങളുടെ വ്യക്തിത്വത്തെ വേറിട്ടുനിർത്തിയത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പരമോന്നത കൂടിയാലോചനാ സമിതിയായ മുശാവറയിലും തങ്ങൾ അംഗമായിരുന്നു. എവിടെ യാത്രപോയാലും തിരിച്ചുവരുമ്പോൾ ചെറിയ ചെടികളോ മരത്തൈകളോ കൊണ്ടുവരും. അദ്ദേഹം നട്ടുവളർത്തിയ തൈകളാണു ‘ദാറുന്നഈമിന്റെ’ മുറ്റത്ത് തണലൊരുക്കുന്നത്. ഹൈദരലി തങ്ങളും ആയിരക്കണക്കിനു മനസ്സുകളിൽ തണലേകി നിൽക്കുന്ന ഓർമയാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}