26 ഡിപ്പോകളിലെ ഓണ്‍ലൈൻ റിസർവേഷൻ കൗണ്ടറുകള്‍ കെ.എസ്.ആർ.ടി.സി മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി

പെരിന്തൽമണ്ണ: സംസ്ഥാനത്തെ 26 ഡിപ്പോകളിലെ ഓണ്‍ലൈൻ റിസർവേഷൻ കൗണ്ടറുകള്‍ കെ.എസ്.ആർ.ടി.സി മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. 

പെരിന്തല്‍മണ്ണ, ചങ്ങനാശ്ശേരി, കാസർകോട്, നിലമ്പൂർ, കൊല്ലം, മാനന്തവാടി, കൊട്ടാരക്കര, മൂവാറ്റുപുഴ, മൂന്നാർ, കോതമംഗലം, ഗുരുവായൂർ, താമരശേരി, പാലാ, തൊടുപുഴ, ആലപ്പുഴ, തലശ്ശേരി, കട്ടപ്പന, പെരുമ്പാവൂർ, അങ്കമാലി, തിരുവല്ല, കുമളി, പൊന്നാനി, പയ്യന്നൂർ, അടൂർ, മലപ്പുറം, പുനലൂർ ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകളാണ് പൂട്ടിയത്.

ഇതുസംബന്ധിച്ച്‌ കെ.എസ്.ആർ.ടി.സി ഡെപ്യൂട്ടി ജനറല്‍ മാനേജർ (എച്ച്‌.ക്യു)വിന്‍റെ ഉത്തരവ് വ്യാഴാഴ്ച രാത്രിയാണ് ബന്ധപ്പെട്ട യൂനിറ്റ് ഓഫിസർമാർക്ക് എത്തിയത്. ബുക്കിങ് കുറവായതിനാലാണ് കൗണ്ടറുകള്‍ പൂട്ടുന്നതെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലെ പാസഞ്ചർ ബുക്കിംഗ് ഡാറ്റയുടെ വിശകലനത്തിന്‍റെ അടിസ്ഥാനത്തില്‍, പ്രതിമാസം 500ല്‍ താഴെ യാത്രക്കാർ ബുക്കിങ് നടത്തുന്ന കൗണ്ടറുകളാണ് അടച്ചുപൂട്ടുന്നതെന്നും ഉത്തരവില്‍ പറയുന്നു.

ബന്ധപ്പെട്ട ഡിപ്പോകളില്‍, യാത്രക്കാരുടെ സൗകര്യാർത്ഥം https://onlineksrtcswift.com എന്ന റിസർവേഷൻ വെബ്‌ ലിങ്ക് പ്രദർശിപ്പിക്കണമെന്നും വിവര ബോർഡ് സ്ഥാപിക്കണമെന്നും ഉത്തരവിലുണ്ട്. നടപടി പൂർത്തിയാക്കി 22നകം യൂണിറ്റ് ഓഫിസർമാർ റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം, കൗണ്ടറുകള്‍ പൂട്ടാനുള്ള തീരുമാനം കൂടിയാലോചന ഇല്ലാതെയാണെന്ന് ആരോപണമുണ്ട്. ഒട്ടുമിക്ക ഡിപ്പോകളിലും കൗണ്ടർ പ്രവർത്തിക്കുന്നത് അവിടേക്ക് പ്രത്യേകമായി ജീവനക്കാരെ നിയമിക്കാതെയാണ്. മിക്കയിടത്തും ഡാറ്റ എൻട്രിക്കാരോ, ടിക്കറ്റ് ആന്‍റ് കാഷ് വിഭാഗമോ ആണ് റിസർവേഷന്‍റെ ചുമതലയും നിർവ്വഹിക്കുന്നത്. കൗണ്ടർ പ്രവർത്തിക്കുന്നത് കൊണ്ട് കെ.എസ്.ആർ.ടി.സിക്ക് അധിക ബാധ്യത വരുന്നില്ല എന്നിരിക്കെ ധൃതിപിടിച്ചെടുത്ത തീരുമാനം ജനങ്ങള്‍ക്ക് ദുരിതമാവുമെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. മലപ്പുറം ജില്ലയില്‍, ജില്ല ആസ്ഥാനത്തേത് ഉള്‍പ്പെടെ നാലു കൗണ്ടറുകളും പൂട്ടിയവയിലുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}