എടക്കര: വർധിച്ചു വരുന്ന സാമൂഹിക തിന്മകൾ കടുത്ത ആശങ്കയുളവാക്കുന്നുണ്ടെന്നും ഇതിനെതിരെ യുവാക്കളുടെ ചെറുത്തുനിൽപ്പ് അനിവാര്യമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി പറഞ്ഞു. വിദ്യാർത്ഥികളും കൗമാരക്കാരും ഉൾപ്പെടെ മയക്കുമരുന്നിൻ്റെയും മാരകമായ ലഹരി വസ്തുക്കളുടെയും ഇരകളായി മാറുകയാണ്. സ്വന്തം ബന്ധുക്കളോടും അഛനമ്മമാരോടും അധ്യാപകരോടും മോശമായി പെരുമാറുകയും അവർക്കു നേരെ ആയുധം പ്രയോഗിക്കുകയും ചെയ്യുന്നത് നമ്മുടെ നാടിൻ്റെ സാംസ്കാരിക പൈതൃകത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ യൂത്ത് കൗൺസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എടക്കര പോത്തുകല്ലിൽ നടന്ന കൗൺസിലിൽ എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അബ്ദുൽ ഹകീം അസ്ഹരി,സെക്രട്ടറിമാരായ എം.മുഹമ്മദ് സ്വാദിഖ്,ഉമർ ഓങ്ങല്ലൂർ,സി.കെ.ശക്കീർ,ടി.സിദ്ദീഖ് സഖാഫി എന്നിവർ കൗൺസിലിന് നേതൃത്വം നൽകി. ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി പതാക ഉയർത്തി.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറിമാരായ കെ.അലവിക്കുട്ടി ഫൈസി എടക്കര, കെ.പി.ജമാൽ കരുളായി, എ.പി. ബശീർ ചെല്ലക്കൊടി, അബ്ദുറശീദ് മുസ്‌ലിയാർ മുണ്ടേരി,മുഹമ്മദലി സഖാഫി വഴിക്കടവ്, എസ്.വൈ.എസ് ജില്ലാ ഭാരവാഹികളായ സയ്യിദ് മുർതള ശിഹാബ് സഖാഫി, കെ.സൈനുദ്ദീൻ സഖാഫി,സൈദ് മുഹമ്മദ് അസ്ഹരി, എം.ദുൽഫുഖാർ സഖാഫി,മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, പി കെ മുഹമ്മദ് ശാഫി, സി.കെ.എം.ഫാറൂഖ്, പി.ടി.നജീബ്, ഡോ.എം.അബ്ദു റഹ്മാൻ എന്നിവര്‍ സംസാരിച്ചു.