ചെമ്മാട് വെഞ്ചാലിയിൽ നായയുടെ കടിയേറ്റ നാല് കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 5.30 തോടെയാണ് കുട്ടികൾക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. വെഞ്ചാലി കണ്ണാടിത്തറ ഭാഗത്ത് കനാലിനോട് ചേർന്ന് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന നാല് കുട്ടികളെയാണ് തെരുവ് നായ ആക്രമിച്ചത്. കുട്ടികളുടെ ശരീരത്തിൽ വിവിധ സ്ഥലങ്ങളിലായി നായയുടെ ആക്രമണത്തിൽ മുറിവുകൾ പറ്റിയിട്ടുണ്ട്. നായയുടെ കടിയേറ്റയുടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിൽസക്ക് ശേഷം പിന്നീട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
വെഞ്ചാലി ടി.പി. ഉണ്ണിയുടെ മകൻ പ്രഭീഷ് (11), കെ.പി. സാലിയുടെ മകൻ സിയാദ് കെ.പി (11), വി.ജയിലിന്റെ മകൻ അഭിഷേക് (10) , ചോലക്കൽ ഷാഫിയുടെ മകൻ അബ്ദുസ്സമദ് (13) എന്നിവർക്കാണ് നായയുടെ കടിയേറ്റത്.