തേഞ്ഞിപ്പലം: നാടിന്റെ പ്രിയ കൂട്ടുകാരന് കണ്ണീരോടെ വിട നൽകി എളമ്പുലാശ്ശേരി സ്കൂൾ. തെലുങ്കാനയിൽ നിന്ന് കേരളത്തിലെ ദേശീയപാത നിർമ്മാണത്തിനായി എത്തിയ കുടുംബത്തിലെ കാർത്തിക് എന്ന വിദ്യാർത്ഥിയാണ് മൂന്ന് വർഷത്തെ മധുര സ്മരണകൾക്ക് വിരാമമിട്ട് മടങ്ങുന്നത്.
ദേശീയപാതയുടെ നിർമ്മാണം പൂർത്തിയായതിനെ തുടർന്ന് കാർത്തിക്കും കുടുംബവും ഇന്ന് ജന്മനാട്ടിലേക്ക് മടങ്ങുകയാണ്. മൂന്ന് വർഷം മുൻപ് ഒന്നാം ക്ലാസ്സിൽ എളമ്പുലാശ്ശേരി സ്കൂളിലെത്തിയ കാർത്തിക് ഇതിനോടകം തന്നെ എല്ലാവരുടെയും പ്രിയപ്പെട്ട കൂട്ടുകാരനായി മാറിയിരുന്നു. സ്കൂളിൽ വരുമ്പോൾ തെലുങ്ക് മാത്രം അറിയുന്ന കാർത്തിക് ഇപ്പോൾ നന്നായി മലയാളം സംസാരിക്കുകയും വായിക്കുകയും ചെയ്യും. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ കാർത്തിക്കിന്റെ മടക്കം സഹപാഠികൾക്കും അധ്യാപകർക്കും കണ്ണീരോടെയല്ലാതെ ഓർക്കാൻ കഴിയില്ല.
യാത്ര പറയാനായി കാർത്തിക് ഇന്ന് രാവിലെ അച്ഛൻ രാം ബാബു, അമ്മ സുകന്യ എന്നിവരോടൊത്ത് സ്കൂളിലെത്തി. തന്റെ പ്രിയപ്പെട്ട കൂട്ടുകാരോടും അധ്യാപകരോടും യാത്ര പറഞ്ഞ് കാർത്തിക് സ്കൂൾ മുറ്റത്ത് നിന്ന് പടിയിറങ്ങുമ്പോൾ കൂട്ടുകാരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും കാർത്തികിന് സ്നേഹത്തോടെ യാത്രാമൊഴി നൽകി.
കാർത്തിക്കിന്റെ ഓർമ്മയ്ക്കായി സ്കൂൾ അധികൃതർ കാർത്തിക്കിന്റെ ഫോട്ടോ പതിച്ച ഒരു ഫ്രെയിം സമ്മാനിച്ചു. കാർത്തികിന് എല്ലാവിധ ആശംസകളും നേർന്ന് സ്കൂൾ അധികൃതരും സഹപാഠികളും യാത്രയയപ്പ് നൽകി. കാർത്തികിനെ മുഖ്യ കഥാപാത്രമാക്കി ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ടെലിഫിലിമും സ്കൂൾ തയ്യാറാക്കിയിരുന്നു. കാർത്തികിന്റെ യാത്രയയപ്പിന് ഹെഡ്മിസ്ട്രസ് പി എം ഷർമിള, കെ ജയശ്രീ, പി മുഹമ്മദ് ഹസ്സൻ, എം ഇ ദിലീപ്, ഇ എൻ ശ്രീജ, എം അഖിൽ എന്നിവർ നേതൃത്വം നൽകി.