പറപ്പൂർ: കോട്ടയ്ക്കൽ കിഴക്കേ കോവിലകം ട്രസ്റ്റ് വക പറപ്പൂർ ശ്രീകുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം വെള്ളിയാഴ്ച നടക്കും.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന നിശ്ചയം കുറിക്കൽ ചടങ്ങോടെയാണ് ഉത്സവ ചടങ്ങുകൾ തുടങ്ങിയത്. കാവിലെ ചടങ്ങുകൾക്ക് ശേഷം ആവേനും ചോപ്പനും പരിവാരങ്ങളുമായി നരിയഞ്ചേരി തറവാട്ടിൽ എത്തുന്നു. ശേഷം ദേശത്തെ ഓരോ വീടുകളും കയറി ഇറങ്ങി അരി എറിഞ്ഞു ഉത്സവത്തിന് ക്ഷണിക്കുന്നു. ക്ഷേത്രം ഊരാളന്മാരായ കോട്ടയ്ക്കൽ കിഴക്കേ കോവിലകത്ത് എത്തിച്ചേർന്ന കോമരങ്ങളെ ആചാരപൂർവ്വം കോവിലകം അധികാരികൾ വരവേറ്റു. ചൊവ്വാഴ്ച അർദ്ധരാത്രി വരെ വെളിച്ചപ്പാടുകൾ വീടുകൾ കയറും. ശേഷം പൂതനും കാളകളും ഉത്സവത്തിന്റെ വരവറിയിച്ച് ഊര് ചുറ്റും.
വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളുടെ നേതൃത്വത്തിൽ വലിയ പന്തലകത്തിന്റെ കാൽ നാട്ടുന്നതോടെ ഉത്സവത്തിന് അരങ്ങുണരും. വെള്ളിയാഴ്ച പുലർച്ചെ നാലരയ്ക്ക് നട തുറന്ന ശേഷം കാവുണർത്തലോടെ പ്രധാന ചടങ്ങുകൾ തുടങ്ങും. തുടർന്ന് ഉഷ പൂജ, കവുങ്ങ് എഴുന്നെള്ളിപ്പ്, ഉച്ചപൂജ, പ്രസാദ ഊട്ട്, എന്നിവ ഉണ്ടാകും. താലപ്പൊലി ഉത്സവത്തിന്റെ ആകർഷകമായ പരിപാടി കാള വരവാണ്. വൈകീട്ട് നാലു മണിക്ക് അവകാശ കാള കാവിൽ എത്തുന്നതോടെ കാളവരവ് ആരംഭിക്കും.
തുടർന്ന് വിവിധ ദേശങ്ങളിൽ നിന്ന് അതിഗംഭീരങ്ങളായ കാളകൾ ക്ഷേത്രത്തിലെത്തി ക്ഷേത്രം വലംവെച്ച് തൊഴുത് മടങ്ങും. ഇതേ സമയം തന്നെ ക്ഷേത്രത്തിലെ അവകാശികളുടെ നേതൃത്വത്തിൽ ആചാരപരമായ ചടങ്ങുകൾ അതാത് സമയങ്ങളിൽ നടക്കും. ദേവിയെ ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നെള്ളിച്ച് അവകാശികൾ ചേർന്ന് ഉണ്ടാക്കിയ താത്കാലിക ക്ഷേത്രത്തിൽ കുടിയിരുത്തിയാണ് ഉത്സവ ചടങ്ങുകൾ നടത്തുക.
എല്ലാ ചടങ്ങുകളും തീർത്ത് ശനിയാഴ്ച ഉച്ചയോടെ ദേവിയെ തിരിച്ച് എഴുന്നെള്ളിച്ച് ക്ഷേത്രത്തിൽ കുടിയിരുത്തിയ ശേഷമാണ് ഉത്സവ ചടങ്ങുകൾ സമാപിക്കുക. ഭാരവാഹികളായ ഹരിദാസൻ, സി പി രാധാകൃഷ്ണൻ, പി അറുമുഖൻ, രവിനാഥ് ഇന്ദ്രപ്രസ്ഥം, സുധാകരൻ, കുഞ്ഞാപ്പു, കൃഷ്ണകുമാർ, പ്രഭാശങ്കർ, വേലായുധൻ, പി ബാലൻ, സി ഗോപി, ബാബു തപസ്യ, പ്രകാശൻ കെ പി, പ്രകാശൻ കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.