മലപ്പുറം: ഇ-ഹെൽത്ത് പദ്ധതിയിൽ ഉൾപ്പെട്ട ജില്ലയിലെ 60 ആശുപത്രികളിൽ ക്യൂ നിൽക്കാതെ ഒ.പി ടിക്കറ്റെടുക്കാൻ സൗകര്യമുണ്ടായിട്ടും ആളുകൾ പ്രയോജനപ്പെടുത്തുന്നില്ല. മഞ്ചേരി മെഡിക്കൽ കോളേജ്, തിരൂർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രികൾ, മലപ്പുറം, തിരൂരങ്ങാടി, വണ്ടൂർ, കൊണ്ടോട്ടി താലൂക്ക് ആശുപത്രികൾ, പൊന്നാനി വുമൺ ആൻഡ് ചിൽഡ്രൻസ് ആശുപത്രി ഉൾപ്പെടെ ജില്ലയിലെ മിക്ക പ്രധാന ആശുപത്രികളിലും ഓൺലൈൻ ഒ.പി ടിക്കറ്റ് സൗകര്യമുണ്ട്. 14 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കൂടി ഇ-ഹെൽത്ത് സംവിധാനമൊരുക്കുന്ന പ്രവൃത്തി അവസാന ഘട്ടത്തിലാണ്. ഇതോടെ ആശുപത്രികളുടെ എണ്ണം 74 ആയി ഉയരും.
സംസ്ഥാനത്ത് ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കിയ ആശുപത്രികളുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് മലപ്പുറം. ജില്ലയിൽ 35 ലക്ഷത്തോളം പേർ ഇ-ഹെൽത്ത് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് ലഭിച്ച യു.എച്ച്.ഐ.ഡി നമ്പർ ഉപയോഗിച്ച് ഓൺലൈനായി ഒ.പി ടിക്കറ്റ് എടുക്കാനാവും. മഞ്ചേരി മെഡിക്കൽ കോളേജിൽ ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കിയിട്ട് രണ്ടുവർഷം കഴിഞ്ഞു. ദിവസം 30 പേർക്ക് ഓൺലൈൻ വഴി ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാനാവും. പലപ്പോഴും ഈ സ്ലോട്ടുകൾ ഒഴിഞ്ഞു കിടക്കും. ജനുവരിയിൽ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലാണ് ഒടുവിൽ ഇ-ഹെൽത്ത് നടപ്പിലാക്കിയത്. 2018ലാണ് ജില്ലയിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തുടക്കമിട്ടത്.
ഓൺലൈൻ ഒ.പി ടിക്കറ്റെടുക്കാം
https://ehealth.kerala.gov.in പോർട്ടലിലെ ലിങ്ക് ക്ലിക്ക് ചെയ്യണം. പുതുതായി രജിസ്റ്റർ ചെയ്യാനും ലോഗിൻ ചെയ്യാനും ഇതിൽ ഓപ്ഷനുകളുണ്ട്. ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ ഒ.ടി.പി വരും. ഇതു നൽകിയാൽ യു.എച്ച്.ഐ.ഡി നമ്പർ ലഭ്യമാകും. തിരിച്ചറിയൽ നമ്പറും പാസ്‌വേഡും മെസേജായി ലഭിക്കും. ഇതുപയോഗിച്ച് ലോഗിൻ ചെയ്യാം. ചികിത്സ തേടാൻ ഉദ്ദേശിക്കുന്ന ആശുപത്രി സെലക്ട് ചെയ്ത ശേഷം നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്‌മെന്റ് എടുക്കാം. ഇ-ഹെൽത്ത് ആപ്പ് ഉപയോഗിച്ചും ഇക്കാര്യങ്ങൾ ചെയ്യാനാവും.
തിരക്കും കാലതാമസവും ഒഴിവാക്കാം
ഇ-ഹെൽത്ത് പദ്ധതി പൂർത്തിയായ ഇടങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായ മാനേജ്‌മെന്റ് സംവിധാനം നിലവിൽവന്നിട്ടുണ്ട്. രോഗിയുടെ യു.എച്ച്.ഐ.ഡി നൽകുന്നതോടെ ഡോക്ടറുടെ കമ്പ്യൂട്ടറിൽ രോഗിയുടെ ചികിത്സാ വിവരങ്ങളെത്തും. ഔട്ട് പേഷ്യന്റ് വിഭാഗം, ലബോറട്ടറി, ഫാർമസി, നഴ്സിംഗ് ഏരിയാ എന്നിവിടങ്ങളെ പരസ്പരം ബന്ധിപ്പിച്ചതിനാൽ ഇവിടങ്ങളിലെ തിരക്കും കാലതാമസവും ഒഴിവാക്കാനാവും. കടലാസ് രഹിതമായാണ് പ്രവർത്തനങ്ങളെല്ലാം.