റിപ്പബ്ലിക് ദിന ചടങ്ങില്‍ പങ്കെടുക്കാന്‍ കിരീടവും ചെങ്കോലുമായി കേരളത്തില്‍ നിന്ന് ഒരു രാജാവ്

ദില്ലി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഞായറാഴ്ച്ച റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്ബോള്‍ ഇങ്ങു കേരളത്തില്‍ നിന്ന് ഒരു രാജാവ് ഈ ചടങ്ങ് വീക്ഷിക്കുന്നതിനായി ഡല്‍ഹിയിലെത്തി.

ചെങ്കോലും കിരീടവുമൊക്കെയായി, ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്തിലെ കോവില്‍ മലയില്‍ നിന്നുള്ള മന്നാന്‍ സമുദായ രാജാവ് രാമന്‍ രാജമന്നാനും ഭാര്യ ബിനുമോളുമാണ് ചടങ്ങില്‍ അതിഥികളായെത്തുന്നത്.

പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗോത്ര സമൂഹങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളിലൊരാളാണ് രാജമന്നാന്‍. കേരളത്തിലെ മൂവായിരത്തോളം വരുന്ന മന്നാന്‍ ആദിവാസി കുടുംബങ്ങളുടെ തലവന്‍. ദക്ഷിണേന്ത്യയിലെ ഒരേയൊരു ആദിവാസി രാജ വംശമാണിത്.

39 കാരനായ രാമന്‍ രാജമന്നാന്‍, മന്നാന്‍ സമുദായത്തിന്റെ പതിനേഴാമത്തെ രാജാവാണ്. മുന്‍ രാജാവായ അരിയാന്‍ രാജമന്നാന്റെ മരണ ശേഷം 12 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇപ്പോഴത്തെ രാജാവ് സിംഹാസനത്തിലേറിയത്. പരമ്ബരാഗമായി പിന്തുടര്‍ന്നു വരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ രാജാവിന് വലിയ പ്രാധാന്യം ഈ സമുദായം നല്‍കിവരുന്നു.

പൊതുചടങ്ങുകളിലെ രാജാവിന്റെ വേഷവിധാനങ്ങള്‍ പഴയ രാജഭരണകാലത്തെ ഓര്‍മിപ്പിക്കുന്നതാണ്. കസവില്‍ മുത്തുകള്‍ തുന്നിയ തലപ്പാവും അധികാര ദണ്ഡും തോളില്‍ പരമ്ബരാഗത രീതിയിലുള്ള അംഗവസ്ത്രവുമൊക്കെ അണിഞ്ഞാണ് ഇവര്‍ ചടങ്ങുകളിലെത്തുന്നത്.

മരുമക്കത്തായ വ്യവസ്ഥയിലാണ് രാജാവിനെ തെരഞ്ഞെടുക്കുന്നത്. തമിഴ് സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് ഇവരുടെ ചരിത്രം. പാണ്ഡ്യ രാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധത്തെത്തുടര്‍ന്ന് ഇന്നത്തെ തമിഴ്നാട്ടില്‍ നിന്ന് നിരവധി ഗോത്രങ്ങള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. അങ്ങനെയാണ് ഇവരുടെ പൂര്‍വികര്‍ ഇടുക്കിയിലെത്തിയതെന്നും കരുതപ്പെടുന്നു.

ഇടുക്കിയില്‍ 48 പട്ടികവര്‍ഗ ഉന്നതികളിലായി 300 ലധികം മന്നാന്‍ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. എറണാകുളത്തും തൃശൂരുമൊക്കെ താമസിക്കുന്ന സമുദായാംഗങ്ങളുമുണ്ട്. കര്‍ഷകത്തൊഴിലാളികളാണ് കൂടുതലും പേരും. വനവിഭവങ്ങള്‍ ശേഖരിച്ച്‌ ജീവിക്കുന്നവരുമുണ്ട്. ഇവരുടെ ആചാരാനുഷ്ഠാനങ്ങളിലെ സവിശേഷത മൂലം പലപ്പോഴും ഈ വിഭാഗത്തിന്റെ ചടങ്ങുകള്‍ മാധ്യമങ്ങളുടെ ശ്രദ്ധ നേടാറുണ്ട്. രാജാവിന്റെ നിര്‍ദേശങ്ങള്‍ക്ക് വലിയ പ്രധാന്യമാണ് ഇവര്‍ നല്‍കുന്നത്.

റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണക്കത്ത് കൈമാറിയത് കേരളത്തിലെ പട്ടികവിഭാഗ ക്ഷേമമന്ത്രി ഒ ആര്‍ കേളുവാണ്. 'രാജ്യത്തിന്റെ ഈ ക്ഷണം തനിക്കുള്ള ബഹുമതിയാണെന്ന് രാമന്‍ രാജമന്നാന്‍ 'ഇന്ത്യന്‍ എക്‌സ്പ്രസി'നോടു പ്രതികരിച്ചു.

എണ്‍പതുകളുടെ തുടക്കത്തില്‍, മന്നാന്‍ സമുദായാംഗമായ പാണ്ഡ്യന്‍ ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. ചടങ്ങിനായി ക്ഷണിക്കപ്പെട്ട സമുദായത്തിലെ ആദ്യത്തെ രാജാവാണ് ഞാന്‍ - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരേഡ് വീക്ഷിച്ചതിനു ശേഷം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ ഫെബ്രുവരി രണ്ടിന് ഇരുവരും മടങ്ങിയെത്തും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}