കൂടെപ്പിറപ്പായ രോഗങ്ങളും ശാരീരിക പരിമിതികളും കാരണം പ്രയാസങ്ങൾ അനുഭവിക്കുന്ന വേങ്ങര എസ് എസ് റോഡിലെ മുഹമ്മദ് സമീലിന് ഇനി താൻ ഏറെക്കാലമായി മനസ്സിൽ കൊണ്ട്നടന്ന വീൽചെയറിൽ സഞ്ചരിക്കാം.
പൂമ്പാറ്റയെ പോലെ പാറി നടക്കേണ്ട പ്രായത്തിലും തളർന്ന ശരീരവുമായി വീടിൻ്റെ അക്കത്തളത്തിലൊതുങ്ങിയ ഈ പന്ത്രണ്ടുകാരന് പ്രാഥമിക ആവശ്യങ്ങൾക്ക് വരെ പരസഹായം ആവശ്യമാണ്.
തൻ്റെ ശാരീരികാവസ്ഥക്കനുസരിച്ച് ഉപയോഗിക്കാൻ കഴിയുന്നൊരു വീൽചെയർ ഏറെ നാളായി ആഗ്രഹിച്ച് വരികയായിരുന്നു മുഹമ്മദ് സമീൽ.
തൻ്റെ കുഞ്ഞു സ്വപ്നം വേങ്ങരയിൽ നടന്ന ഭിന്നശേഷി ഗ്രാമസഭയിൽ വെച്ച് പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഫസലിൻ്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു.
അതിൻ്റെ അടിസ്ഥാനത്തിൽ
പ്രസിഡൻ്റ് നടത്തിയ അഭ്യർത്ഥന മാനിച്ചാണ്
ഈ കുരുന്നു മോഹം യാഥാർത്ഥ്യമാക്കുന്നതിന് സാമൂഹിക കൂട്ടായ്മയായ ഗ്രീൻ ഫൗണ്ടേഷൻ മുന്നോട്ട് വന്നത്.
വേങ്ങര എസ് എസ് റോഡിലെ മുഹമ്മദ് സമീലിൻ്റെ വീട്ടിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ഹസീന ഫസൽ വീൽചെയർ കൈമാറി.
ഗ്രീൻ ഫൗണ്ടേഷൻ ജന: സെക്രട്ടറി സത്താർ കുറ്റൂർ, മെഡിക്കൽ കെയർ ചെയർമാൻ കെ എം റിയാസ്, കൺവീനർ സലീം കെ സി എന്നിവർക്കു പുറമെ മുഹമ്മദ് സമീലിൻ്റെ കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.