വേങ്ങര: ഒഴിവുദിനത്തിൽ പാടം മണ്ണിട്ട് നികത്തുന്നതായി പരാതി. വേങ്ങര ഗ്രാമ പഞ്ചായത്ത് വാർഡ് 22 ൽ വേങ്ങരപ്പാടത്ത് പാലശ്ശേരിമാട് പാടശേഖരത്തിലാണ് പാടം തകൃതിയായി മണ്ണിട്ട് നികത്തുന്നത്. മണ്ണിട്ട് നികത്തുന്ന വിവരമറിഞ്ഞു കഴിഞ്ഞ ദിവസം വേങ്ങര വില്ലേജ് ഓഫീസർ ടി. വി പ്രസാദ്, ഉദ്യോഗസ്ഥരായ സതീഷ്, ഷാജി എന്നിവർ ചേർന്ന് സ്ഥലം സന്ദർശിക്കുകയും സ്ഥലമുടമയോട് പാടം നികത്തുന്നത് നിർത്തി വെക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം റവന്യു ഉദ്യോഗസ്ഥർ വിവരം വേങ്ങര പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചിട്ടുണ്ട്. എന്നാൽ അവധി ദിവസം ഉദ്യോഗസ്ഥരെ കബളിപ്പിച്ചു ഞായറാഴ്ചയും പാടം മണ്ണിട്ട് നികത്തുന്ന ജോലി തുടർന്നതായി നാട്ടുകാർ പറയുന്നു. വയൽ തരം മാറ്റാൻ സ്ഥലമുടമ ജില്ല കലക്ടർക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും ഈ അപേക്ഷ പരിഗണിച്ചിട്ടില്ലെന്നറിയുന്നു. മാത്രമല്ല, വയൽ നികത്തരുതെന്ന കലക്ടറുടെ നിർദേശം കാറ്റിൽ പറത്തിയാണ് ഞായറാഴ്ച പാടം മണ്ണിട്ട് നികത്താനുള്ള ശ്രമം നടന്നതെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
ജില്ല കലക്ടറുടെ വിലക്കിന് പുല്ലുവില
admin