> 2032ല്‍ വരുമാനം 34,500 കോടിയിലെത്തും, 1.39 ലക്ഷം പേര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കാന്‍ പദ്ധതി
മെഡിക്കല്‍ ഉപകരണ നിര്‍മാണ മേഖലയിലെ 85 കമ്പനികളില്‍ നിന്ന് മാത്രം കേരളത്തിന്റെ വാര്‍ഷിക വരുമാനം 9,000 കോടി രൂപയെന്ന് കണക്കുകള്‍. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് 470 സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ കേരളത്തിലുണ്ടെന്നും കണക്കുകള്‍ പറയുന്നു. ആശുപത്രിയില്‍ രോഗിയുടെ പേര് വിവരങ്ങള്‍ ചേര്‍ക്കുന്നത് മുതല്‍ രോഗനിര്‍ണയത്തിനും ചികിത്സക്കും വേണ്ട അത്യാധുനിക ഉപകരണങ്ങളും സേവനങ്ങളും വികസിപ്പിച്ചാണ് കേരളത്തിലെ ഹെല്‍ത്ത് കെയര്‍-ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ആഗോള ശ്രദ്ധനേടുന്നത്.
മെഡിക്കല്‍ ടെക്‌നോളജി, ഉപകരണ മേഖലയില്‍ കേരളത്തെ ദേശീയതലത്തില്‍ മുന്‍നിരയിലെത്തിക്കാന്‍ വിവിധ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് പുറമെ കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യവും (കെ.എം.ടി.സി) ഇതിന് വേണ്ടി നിയോഗിക്കപ്പെട്ടിട്ടുണ്ട്. 2032ലെത്തുമ്പോള്‍ കേരളത്തെ മെഡിക്കല്‍ ഉപകരണ രംഗത്തെ ഹബ്ബാക്കി മാറ്റാനാണ് സര്‍ക്കാരിന്റെ പദ്ധതി. നിലവില്‍ 80ലധികം രജിസ്റ്റേര്‍ഡ് മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളാണ് കേരളത്തിലുള്ളത്. ഏഴ് കൊല്ലത്തിനുള്ളില്‍ ഇത് 700ലെത്തിക്കുമെന്ന് കെ.എം.ടി.സി സ്‌പെഷ്യല്‍ ഓഫീസര്‍ സി.പദ്മകുമാര്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. നിലവില്‍ 25,000 പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ഏഴ് വര്‍ഷത്തിനുള്ളില്‍ 1,39,000 തൊഴിലവസരങ്ങള്‍ മെഡിക്കല്‍ ഉപകരണ നിര്‍മാണ മേഖലയില്‍ സൃഷ്ടിക്കാനാകും.
മൂവായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളെയും ഈ രംഗത്തേക്ക് കൊണ്ടുവരും. ഇതോടെ 34,500 കോടി രൂപയുടെ (ഒരു ബില്യന്‍ ഡോളര്‍) വരുമാനം ഈ മേഖലയില്‍ നിന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.