വേങ്ങര: 60 വയസ്സിന് മുകളിലുള്ള വയോജനങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പഠിക്കാൻ സംസ്ഥാനതലത്തിൽ കമ്മീഷനെ നിയമിക്കണമെന്ന് ടി വി ഇബ്രാഹിം എം എൽ എ ആവശ്യപ്പെട്ടു. വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭ ഹോമിലെ വയോജനങ്ങളുടെ കലോത്സവം ചേറ്റിപ്പുറം ജൽസ ഓഡിറ്റോറിയത്തിൽ വെച്ച് കൊട്ടും പാട്ടും എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വയോജന കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ടി വി ഇബ്രാഹിം.
സംസ്ഥാനത്ത് മൂന്നര കോടിയോളം ജനങ്ങളിൽ 30% ത്തോളം വയോജനങ്ങൾ ആണെന്ന് എം എൽ എ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതിയും വയോജനങ്ങളെ ചേർത്തു പിടിച്ചപ്പോൾ വേങ്ങര സായം പ്രഭാഹോമിന് സംസ്ഥാനത്തിൽഒന്നാം സ്ഥാനം നേടാ നായതിൽ പഞ്ചായത്ത് ഭരണസമിതിയെ കൊണ്ടോട്ടി എം എൽ എ കൂടിയായ ടി വി ഇബ്രാഹിം മുക്തകണ്ഠം പ്രശംസിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് അസീന ഫസൽ അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ടി പി എം ബഷീർ, പുളിക്കൽ സമീറ, പി കെ അസ് ലു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞി മുഹമ്മദ്, എൻ ടി മുഹമ്മദ് ശരീഫ്, പി അബ്ദുൽ അസീസ് ഹാജി, എ കെ ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് നിറഞ്ഞ സദസ്സിൽ 60 വയസ്സിനു മുകളിലുള്ള വയോജനങ്ങളും,പഞ്ചായത്തിലെ വയോജന ക്ലബ്ബിലെ കലാകാരന്മാരും മാപ്പിളപ്പാട്ട്, ഒപ്പന, കോൽക്കളി, ഡാൻസ്, വട്ടപ്പാട്ട്, മിമിക്രി, സംഘഗാനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികൾഒന്നിനൊന്നു മെച്ചമായി അവതരിപ്പിച്ചപ്പോൾ പരിപാടികളുടെ മികവ് കൊണ്ടും ജനസാന്നിധ്യം കൊണ്ടും പ്രൗഡോജ്ജ്വലമായി.