വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിന്റെ 2023-24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഹൈടെക് മാർക്കറ്റ് കെട്ടിടം നിർമ്മാണം പൂർത്തിയാവുന്നതോടെ വേങ്ങരയിലെ മാർക്കറ്റിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരമാവും. എല്ലാ വിവാദങ്ങളേയും പ്രതിസന്ധികളേയും തരണം ചെയ്ത് ഭരണസമിതിയുടെ നിശ്ചയദാർഢ്യവും ഊർജ്ജസ്വലതയുമാണ് ഹൈടെക് മാർക്കറ്റ് കെട്ടിടം ഉയരുന്നതിന് പ്രേരണയായത്.വേങ്ങര ലൈവ്. ഇതോടെവേങ്ങര നിയോജക മണ്ഡലത്തിൽ തന്നെ മികച്ച മാർക്കറ്റായി വേങ്ങരയിലെ മാർക്കറ്റ് മാറും.
മാംസം, മത്സ്യം, പച്ചക്കറി എന്നീ നിത്യോപയോഗ സാധനങ്ങൾക്കായി ആയിരക്കണക്കിന് ജനങ്ങളാണ് ദിവസേന വേങ്ങര മാർക്കറ്റിൽ എത്തിച്ചേരുന്നത്. മത്സ്യമാംസ പച്ചക്കറികൾ വിൽപ്പന നടത്താനും ജനങ്ങൾക്ക് സൗകര്യം പോലെ വന്നു വാങ്ങാനും പഴയ മാർക്കറ്റിൽ അസൗകര്യം മൂലം വലിയ പ്രതിസന്ധിയിലായിരുന്നു. ഇതിനു ശാശ്വത പരിഹാരം എന്ന നിലയിലാണ് പുതിയ മാർക്കറ്റ് കെട്ടിടത്തിന് ശിലയിടുന്നത്.
ആറുമാസത്തിനകം പത്തോളം മുറികളിലായുള്ള മാർക്കറ്റ് കെട്ടിടം ഉയരുന്നതോടെ വേങ്ങരയിലെ ജനങ്ങൾക്ക് മത്സ്യമാംസ പച്ചക്കറി സാധനങ്ങൾ വാങ്ങാൻ എത്തിച്ചേരാൻകൂടുതൽ സൗകര്യപ്രദമാകും.
വേസ്റ്റും മലിനജലവും സംസ്കരിക്കാനുള്ള സംസ്കരണ പ്ലാന്റും ഇതോടൊപ്പം സജ്ജമാക്കും. ഹൈടെക് രീതിയിലുള്ള കെട്ടിട നിർമ്മാണം പൂർത്തിയാക്കി ഈ ഭരണസമിതിയുടെ കാലാവധിക്ക് മുമ്പ് തന്നെ മാർക്കറ്റ് ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നും ഇതോടെ വേങ്ങരയുടെ മുഖച്ഛായ തന്നെ മാറുന്ന പദ്ധതിയാവുമെന്നും വേങ്ങര ഗ്രാമപഞ്ചായത്തിന്റെ വികസനത്തിൽ ഒരു പുതിയ നാഴിക്കല്ലാവുമെന്നും വേങ്ങരഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഹസീന ഫസൽ പറഞ്ഞു.