നാവ് കൊണ്ട് പറയാൻ പാടില്ലാത്ത കാര്യങ്ങൾ പണ്ഡിതന്മാർ പറയരുത്
കോഴിക്കോട്: സമസ്ത മുശാവറ യോഗത്തിലെ പൊട്ടിത്തെറിയുമായ ബന്ധപ്പെട്ട കാര്യങ്ങളിൽ രൂക്ഷ പ്രതികരണവുമായി അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പണ്ഡിതന്മാർ കുത്തിത്തിരിപ്പിനും ഫിത്നക്കും സാഹചര്യമുണ്ടാക്കരുതെന്ന് ജിഫ്രി തങ്ങൾ വ്യക്തമാക്കി.
മലപ്പുറം വെളിമുക്കിൽ സനാഇയ്യ ബിരുദദാന സമ്മേളനത്തിലാണ് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതകളെയും പ്രശ്നങ്ങളെയും കുറിച്ച് ജിഫ്രി തങ്ങൾ പരോക്ഷമായി പരാമർശിച്ചത്. പണ്ഡിതന്മാർ നാവ് ശ്രദ്ധിക്കണം. നാവ് കൊണ്ട് പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയരുത്. ശരീഅത്ത് കൊണ്ട് നിരോധിക്കപ്പെട്ട കാര്യങ്ങൾ ചെയ്യാൻ പാടില്ല. അത്തരത്തിലുള്ള പണ്ഡിതന്മാരാണ് യഥാർഥ പണ്ഡിതന്മാരെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.
തഖ് വയിൽ അധിഷ്ടിതമായ സ്വഭാവമാണ് ഒരു പണ്ഡിതന് വേണ്ടത്. അതുകൊണ്ടാണ് ആത്മീയതയിൽ അധിഷ്ടിതമാകണം വിദ്യാഭ്യാസം എന്ന് സമസ്ത പറയാൻ കാരണം. ആത്മീയതയില്ലാത്ത ഒരു വിദ്യാഭ്യാസം ഇവിടെ ഉണ്ടായാൽ വിവരമില്ലെന്ന് പറയാൻ സാധിക്കില്ല. എന്നാൽ, ശരീഅത്തിൽ പറയുന്ന പണ്ഡിതനാണെന്ന് പറയാനാവില്ല. ഒരു പണ്ഡിതന് ദർസ് നടത്താനും ഖുർആനും ഹദീസും വ്യാഖ്യാനിക്കാനും അറിയാമെങ്കിലും മുഹമ്മദ് നബിയിലേക്ക് എത്തിപ്പെടുന്ന വിശ്വാസത്തിന്‍റെ ആളാണെന്ന് പറയാൻ സാധിക്കില്ലെന്നും ജിഫ്രി തങ്ങൾ ചൂണ്ടിക്കാട്ടി.
സമസ്തയോടുള്ള സ്നേഹവും ആദരവുമാണ് അതിനെ പിൻപറ്റാവുന്ന സംഘടനയാക്കിയത്. സംഘടനയുടെ വളർച്ചയിലും ഉയർച്ചയിലും അതിനെ എതിർക്കുന്നവരുണ്ടാകും. സമസ്തയെ നശിപ്പിക്കാനോ ഭിന്നിപ്പിക്കാനോ ആരും ശ്രമിക്കരുതെന്നാണ് ബിരുദം നേടുന്ന പണ്ഡിതന്മാരോടും പണ്ഡിതകളോടും പറയാനുള്ളതെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.