വേങ്ങര: വലിയോറ ചെറിയതോട് അരികുഭിത്തികെട്ടി സംരക്ഷിക്കാത്തതിനാൽ വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ പതിനേഴാം വാർഡിൽ പാണ്ടികശാല വലിയോറ പാടത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് വീട്ടിലേക്ക് വഴിയില്ല. ഇപ്പോൾ മണ്ണും ചെളിയും നിറഞ്ഞ ചെറിയതോട്ടിലൂടെ നടന്നുനീങ്ങിയാണ് ഇവർ വീട്ടിലെത്തുന്നത്.
നിരവധിതവണ വേങ്ങര പഞ്ചായത്തിനും ജലസേചന വകുപ്പിനും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ഇവർ പരാതിപ്പെട്ടു. വലിയോറപ്പാടത്തെ കനാൽ റോഡിൽനിന്നും 100 മീറ്റർ അപ്പുറത്താണ് ഇവരുടെ വീട്. ഈ ചെറിയ തോടിന്റെ രണ്ടരികിലും ഭിത്തികെട്ടി തോടിനുമുകളിൽ സ്ലാബ് നിർമിച്ചാൽ ഇവരുടെ വീട്ടിലേക്കുള്ള വഴി സുഖകരമാവും.
വലിയോറപ്പാടത്തെ ചെറിയതോട് ഗ്രാമപ്പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടാത്തതിനാൽ ഫണ്ട് അനുവദിക്കാൻ സാങ്കേതിക തടസ്സമുണ്ടെന്നും എന്നാലും ഇവർക്ക് വഴിയൊരുക്കാൻ മറ്റുവകുപ്പുകളുടെ ഫണ്ട് അനുവദിക്കാൻവേണ്ട അടിയന്തര നടപടി സ്വീകരിച്ചു വരികയാണെന്നും വാർഡംഗം യൂസുഫലി വലിയോറ പറഞ്ഞു.