വേങ്ങര: ഉത്തർപ്രദേശിലെ സംഭൽ ഷാഹി മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് നടന്ന വെടിവെപ്പിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വേങ്ങര ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ല കമ്മിറ്റി അംഗം കെ. എം. എ ഹമീദ് ഉദ്ഘാടനം ചെയ്തു.
സമാധാനപൂർവ്വം ജീവിച്ചു വരുന്ന ന്യൂനപക്ഷങ്ങളെ ഭയചകിതരാക്കുകയും അവർക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയുമാണ് ആർ. എസ്. എസ് നിയന്ത്രിക്കുന്ന ശക്തികൾ ചെയ്യുന്നത്. ആരാധനാലയങ്ങൾക്ക് 1947ലെ സ്റ്റാറ്റസ്‌കോ നിലനിർത്തണമെന്ന് നിയമം പാസാക്കിയ രാജ്യമാണ് ഇന്ത്യ. എന്നാൽ അതിനെയൊക്കെ കാറ്റിൽപറത്തുന്ന നിലപാടാണ് സംഭൽ ഷാഹി മസ്ജിദിന്റെയും മറ്റു പല മസ്ജിദുകളുടെയും വിഷയത്തിൽ പല കോടതികളും സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചടങ്ങിൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് പി. ദാമോദരൻ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിനു
കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് മുൻ അംഗം യു. സക്കീന,
റഹീം ബാവ വലിയോറ, കുട്ടിമോൻ വേങ്ങര, നജീബ് പറപ്പൂർ, പി. കെ ജലീൽ, സൈഫുന്നീസ,
കെ. വി ഹമീദ്, ബഷീർ പുല്ലമ്പലവൻ, പി. അഷ്‌റഫ്, പി. സത്താർ, ജലീൽ ഒതുക്കുങ്ങൽ, എം. കെ അലവി, ശാകിറ വേങ്ങര, സി. മുഹമ്മദ് അലി എന്നിവർ നേതൃത്വം നൽകി.