കൂടുതൽ വിമാനക്കമ്പനികൾ കരിപ്പൂരിലേക്ക്

കരിപ്പൂർ: കേന്ദ്രസർക്കാരിന്റെ തുറന്ന ആകാശ നയത്തിന്റെ പരിധിയിൽ കരിപ്പൂർ വിമാനത്താവളത്തെ ഉൾപ്പെടുത്തി. കൂടുതൽ വിമാനക്കമ്പനികൾക്ക് കരിപ്പൂരെത്താൻ വഴി തെളിക്കുന്നതാണ് പുതിയ തീരുമാനം. നേരത്തേ കരിപ്പൂർ വിമാനത്താവളം ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും പ്രവർത്തനാനുമതിയായത് ഇപ്പോഴാണ്.
‘ആസിയാൻ’ അംഗങ്ങളായ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കും ഇന്ത്യ ഉൾപ്പെടുന്ന 'സാർക്ക് ' രാജ്യങ്ങളിലേക്കും ഇന്ത്യയിലെ 18 വിമാനത്താവളങ്ങളിൽനിന്ന് വിമാന സർവീസുകൾ ആരംഭിക്കുന്നതാണ് തുറന്ന ആകാശനയം.
ഇതനുസരിച്ച് ഈ രാജ്യങ്ങളിലേക്ക് നിയന്ത്രണങ്ങളില്ലാതെ സീറ്റുകൾ ഓപ്പറേറ്റ് ചെയ്യാൻ ഇരുരാജ്യങ്ങളിലെയും വിമാന കമ്പനികൾക്ക് അനുമതി ലഭിക്കും. 18 വിമാനത്താവളങ്ങളിൽ ഒന്ന് കരിപ്പൂർ വിമാനത്താവളമാണ്.
ഇതിന്റെ ഭാഗമായാണ് എയർ ഏഷ്യക്ക് സർവീസ് അനുമതി ലഭിച്ചത്. മലേഷ്യക്ക് പുറമെ സിങ്കപ്പുർ, ഓസ്‌ട്രേലിയ, ചൈന, ബ്രൂണേ, ഇൻഡോനീഷ്യ, ഹോങ്കോങ്, ഫിലിപ്പൈൻസ്, തായ്‌ലൻഡ്, തായ്‌വാൻ, വിയറ്റ്‌നാം, ജപ്പാൻ, കൊറിയ തുടങ്ങിയ നിരവധി രാജ്യങ്ങളിലേക്ക് കണക്‌ഷൻ സർവീസുകളോടെയാണ് എയർ ഏഷ്യ സർവീസ്.
ടൂറിസം, ബിസിനസ്, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മലബാറിൽനിന്ന് നിരവധി ആളുകൾ ഇപ്പോൾ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നുണ്ട്.

നിലവിൽ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെയാണ് മലബാറിൽനിന്നുള്ള യാത്രക്കാർ ആശ്രയിക്കുന്നത്.

കൂടുതൽ സർവീസുകൾ കോഴിക്കോട്ടുനിന്ന് ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽനിന്ന് കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര സാർവത്രികമാകും.
ശ്രീലങ്കൻ എയർലൈനിന്റെ കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏറെ പഴക്കമുള്ള വിമാനക്കമ്പനിയായ ഫിറ്റ്‌സ് എയർ കോഴിക്കോടു നിന്ന് സർവീസ് ആരംഭിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു നീങ്ങുന്നുണ്ട്.

കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജസീറ എയർവെയ്‌സ് കോഴിക്കോട് സർവീസുമായി രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ കുവൈറ്റ് -ഇന്ത്യ പോയിന്റ് ഓഫ് കോളിൽ കരിപ്പൂർ വിമാനത്താവളം ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ സർവീസ് ആരംഭിക്കാനുള്ള സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കാനാണ് കമ്പനി ശ്രമം. ഇൻഡിഗോ എയർ പൂർവേഷ്യ ഉൾപ്പെടെ കൂടുതൽ സർവീസുകൾ പരിഗണിക്കുകയാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}