വേങ്ങര: സ്വന്തം വീടുകളിൽ ഒരുക്കിയ രുചിക്കൂട്ടുകൾ പൂർവ്വവിദ്യാർത്ഥി സമ്മേളനത്തിനെത്തിയ ആയിരങ്ങൾക്ക് കഴിക്കാൻ നൽകി ലഭിച്ച തുകകൊണ്ട് സഹപാഠിക്ക് ഒരു വീട് ഒരുക്കി പുതിയൊരു ചരിത്രം രചിച്ചിരിക്കുകയാണ് ചേറൂർ പി പി ടി എം വൈ എച്ച്എസ്എസിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ.
സ്കൂളിന്റെ നാൽപതാം വാർഷികത്തോടനുബന്ധിച്ച് ഈ കഴിഞ്ഞ മാർച്ച് മാസത്തിൽ നടത്തിയ ഭക്ഷ്യമേളയിലാണ് മഹത്തായ ലക്ഷ്യം മുൻനിർത്തി വിദ്യാർത്ഥികൾ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. നാലായിരം വിദ്യാർഥികൾ നാലായിരത്തിലധികം വിഭവങ്ങൾ തയ്യാറാക്കിയാണ് ഭക്ഷ്യമേള ഒരുക്കിയത്.
മുപ്പതോളം കൗണ്ടറുകളിലായി ഒരുക്കിയ വ്യത്യസ്ഥ രുചിയും അനുഭൂതിയും നിറഞ്ഞ വിഭവങ്ങളിലൂടെ ഒരു പകല് കൊണ്ട് മാത്രം പത്ത് ലക്ഷത്തോളം രൂപ സമാഹരിച്ചാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
സ്കൂളിനടുത്ത് ഓട്ടൊ ഡ്രൈവറായ തങ്ങളുടെ സുഹൃത്തിന്റെ ഉപ്പ ഇടക്ക് വന്ന ശാരീരികാസ്വസ്ഥതകൾ കാരണം ജോലി ഉപേക്ഷിക്കുകയും വീടെന്ന സ്വപ്നം പാതിയിൽ നിർത്തിവെച്ച് പരസഹായത്തോടെ മാത്രം കഴിയുകയും ചെയ്ത തങ്ങളുടെ സഹപാഠിയുടെ അവസ്ഥ വിദ്യാർത്ഥികൾ തന്നെ കണ്ടെത്തി അധ്യാപകരെ ബോധിപ്പിച്ചു .
പിന്നീട് താങ്ങായി രക്ഷിതാക്കളും, പൂർവ്വ വിദ്യാർത്ഥികളും, നാട്ടുകാരും , സുമനസ്സുകളും ചേർന്ന് നിന്ന് ബാക്കി വരുന്ന തുകയും കൂടി കണ്ടെത്തി ഏകദേശം പതിമൂന്ന് ലക്ഷത്തോളം വരുന്ന തുക സമാഹരിച്ചത് വീട് നിർമ്മാണ പദ്ധതിക്ക് ആക്കം കൂട്ടി.
ഫെബ്രുവരിയിൽപാണക്കാട് റശീദലി ശിഹാബ് തങ്ങൾ കട്ടില വെച്ച് തുടക്കം കുറിച്ച വീട് നിർമ്മാണം ആറ് മാസങ്ങൾ കൊണ്ട് തന്നെ കൈമാറാൻ സാധിച്ച ചാരിതാർത്ഥ്യത്തിലാണ് വിദ്യാർത്ഥികൾ.
നിർമ്മാണ പ്രവൃത്തിയുടെ ഓരോ ഘട്ടത്തിലും സഹായ സഹകരണങ്ങളുമായി വിദ്യാർത്ഥികളും, അധ്യാപകരും ഒപ്പം ചേർന്നും സഹായിച്ചും കൂടെ നിന്നത് മറ്റുള്ളവരുടെ വേദനകൾ തിരിച്ചറിയാനുള്ള കുരുന്നു മനസ്സുകൾ ഇക്കാലത്ത് സമൂഹത്തിന് മാതൃകയാക്കേണ്ടത് തന്നെയാണെന്ന് നിറകണ്ണുകളൊടെ സുഹൃത്ത് പങ്ക് വെക്കുന്നു.
അധ്യാപകരും, പൗര പ്രമുഖരും, നാട്ടുകാരും, വിദ്യാർത്ഥികളും, പി.ടി.എ ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ ശനിയാഴ്ച രാവിലെ കണ്ണമംഗലം മുട്ടുംപുറത്ത് വെച്ച് പാണക്കാട് റശീദലി ശിഹാബ് തങ്ങൾ കെ.പി.മുഹമ്മദ് റാഫിക്ക് വീടിന്റെ താക്കോൽ കൈമാറി. ഇത്തരം സാമൂഹിക ചുമതല ഏറ്റെടുത്ത ചേറൂർ സ്കൂളിലെ വിദ്യാർത്ഥികളെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.
ഹെഡ്മാസ്റ്റർ കെ പി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു, വീട് നിർമ്മാണ കമ്മിറ്റി ചെയർമാൻ പുളിക്കൽ അബൂബക്കർ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞ ചടങ്ങിൽ യതീംഖാന സെക്രട്ടറി കുട്ടി മൗലവി, ആവയിൽ സുലൈമാൻ, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡണ്ട് യു എം ഹംസ, മാനേജർ ഏ കെ സൈനുദ്ധീൻ പ്രിൻസിപ്പാൾ പി ടി ഹനീഫ, അയ്യൂബ് മാസ്റ്റർ, പുള്ളാട്ട് സലീം, സലീം പുള്ളാട്ട്, കുഞ്ഞഹമ്മദ് ഫാറൂഖ്, പറങ്ങോടത്ത് അബ്ദുൽ മജീദ്, കാപ്പൻ അബ്ദുൽ ഗഫൂർ, പി ടി എ പ്രസിഡണ്ട് ശുക്കൂർ, എസ് എംസി ചെയർമാൻ പൂക്കുത്ത് മുജീബ്, സുഹൈർ ,സാലിഹ്,
മുനീർ വി.പി, ഇകെ അബ്ദു റഹ്മാൻ, പി കെ സിദ്ധീഖ്, തയ്യിൽ ഹസീന, റൈഹാനത്ത്, കെ പി സരോജിനി എന്നിവർ പങ്കെടുത്തു.