വേങ്ങര: ഒരു വർഷം മുമ്പ് അന്തരിച്ച വേങ്ങരയിലെ പൊതു പ്രവർത്തകനും പാലിയേറ്റീവ് കമ്മിറ്റി അംഗവുമായിരുന്ന എ. കെ അബു ഹാജിയുടെ സ്വപനമായിരുന്ന വേങ്ങര പഞ്ചായത്ത് വാർഡ് 17 പാണ്ടികശാലയിലെ ചെമ്മാടൻ നാരായണന് വീട് എന്ന സ്വപ്നം സാക്ഷാൽക്കരിച്ചു. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത നാരായണന് അപകടത്തിൽ ഗുരുതരമായ പരി ക്കേൽക്കുകയും വീൽ ചെയറിനെ ആശ്രയിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തിന് വീടൊരുക്കാൻ വേണ്ടി പാണ്ടികശാലയിൽ എ കെ അബുഹാജി, ഹംസ ഹാജി പുല്ലമ്പലവൻ, പി.പി സഫീർ ബാബു, ബേനസീർ ടീച്ചർ, ബൈജു പാണ്ടികശാല തുടങ്ങിയവരുടെ നേതൃത്വത്തിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പട്ടിക ജാതി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഫണ്ടും പ്രാദേശിക കമ്മിറ്റി സ്വരൂപിച്ച ഫണ്ടിൻ്റെ സഹായത്തോടു കൂടി അഞ്ചു സെൻ്റ് ഭൂമി വിലക്ക് വാങ്ങി തറപണി ആരംഭിച്ചു.
അബു ഹാജിയുടെ ആക്‌സ്മിക മരണശേഷം കമ്മിറ്റിക്ക് പുറമെ വേങ്ങര പാലിയേറ്റീവ് സെൻ്ററിൻ്റെ സഹകരണത്തോട് കൂടി നിർമാണം പൂർത്തിയാക്കി. വേങ്ങര പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ അനുവദിച്ച ഫണ്ടും പ്രാദേശിക കമ്മിറ്റിയുടെ സഹായത്താൽ സ്പോൺസർഷിപ്പ് വഴിയും സംഭാവനയായും പൊതുജനങ്ങളിൽ നിന്ന് സംഭരിച്ചു വീട് പണി പൂർത്തിയാക്കുകയുമായിരുന്നു.
4.11' 24 തിങ്കളാഴ്ചകാലത്ത് 8.30 നു ലളിതമായ ചടങ്ങിൽ വെച്ച് അബു ഹാജിയുടെ മകൻ യൂനുസ് നാരായണനും അമ്മക്കും വീടിന്റെ താക്കോൽ കൈമാറി.
ചടങ്ങിൽ ബ്ലോക്ക് മെമ്പർ പി. പി ഷഫീർ ബാബു, വാർഡ് മെമ്പർമാരായ യൂസഫലി വലിയോറ, ആരിഫ മാപ്പള്ളി, പാലിയേറ്റീവ് ഭാരവാഹികളായ ടി കെ അഹമ്മദ് ബാവ, പി. പി. കുഞ്ഞാലി മാസ്റ്റർ, ബഷീർ പുല്ലമ്പലവൻ എന്നിവരും നിർമാണ കമ്മിറ്റി കൺവീനർ കുഞ്ഞാവ ചെള്ളി, അബ്ദുൽ ലത്തീഫ് എന്ന ഇപ്പു, സലീം ബാവ എന്നിവരും പങ്കെടുത്തു.