തിരുവനന്തപുരം: ചൂരൽമലയിലെയും മുണ്ടക്കൈയിലെയും പുനരധിവാസ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്ന ആരംഭശൂരത്വം ഇപ്പോഴില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പുനരധിവാസ പദ്ധതി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കണം. ദുരന്തത്തിൽപ്പെട്ടവർ ഇരുട്ടിൽ നിൽക്കുന്ന സ്ഥിതിയാണ്. കടം എഴുത്തള്ളുമെന്ന വാഗ്ദാനത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും അടിയന്തര പ്രമേയ ചർച്ചയിൽ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി
പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഭൂമി ഏറ്റെടുക്കാൻ ഒരു സർക്കാറിന് സാധിക്കില്ലേ?. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നൂലാമാലകൾ ഉദ്യോഗസ്ഥതലത്തിൽ പരിഹരിക്കാൻ കഴിയില്ലേ?. ദേശീയപാതക്കായി എത്ര വേഗത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത് -കുഞ്ഞാലിക്കുട്ടി ചോദിച്ചു.
597 പേർക്ക് സഹായം കൊടുക്കണമെന്നാണ് തീരുമാനിച്ചത്. വയനാട്ടിലും വിലങ്ങാട്ടും ദുരന്തത്തിൽപ്പെട്ടവർക്ക് സർക്കാർ പട്ടിക പ്രകാരം 15,000 രൂപ വീതം മുസ് ലിം ലീഗ് നൽകി കഴിഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഭൂമി എവിടെയാണ്, ഏതുതരം വീടാണ്, സന്നദ്ധ സംഘടനകളും സർക്കാരും നൽകുന്ന സഹായങ്ങൾ ഒരുമിച്ച് ഒരാൾക്ക് കിട്ടുമോ തുടങ്ങിയ കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം. പുനരധിവാസം വൈകാൻ പാടില്ലെന്നും സമയബന്ധിതമായി നടപ്പാക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
തോട്ടം മേഖലയെ ഏറ്റെടുക്കാൻ സാധിക്കില്ലേ?. നമ്മൾ ഉണ്ടാക്കിയ നിയമം മാറ്റാൻ സാധിക്കില്ലേ?. തോട്ടത്തിന്‍റെ കാര്യം പറഞ്ഞ് മുന്നോട്ടു പോയാൽ ലോകാവസാനം വരെ നിൽകേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.