വേങ്ങര: നിയമ ലംഘനങ്ങൾക്ക് പൊലീസ് പിടി കൂടിയ വാഹനങ്ങൾ അക്ഷരാർത്ഥത്തിൽ ലോക്ക് ആയി. മൃഗസംരക്ഷണ വകുപ്പിൻ്റെ സ്ഥലത്ത് പാർക്ക് ചെയ്ത വാഹനങ്ങളാണ് മൃഗാസ്പത്രിക്ക് ചുറ്റുമതിൽ നിർമ്മിച്ചതോടെ പൊലീസ് സ്റ്റേഷൻ മതിലിനും മൃഗാസ്പത്രി മതിലിനും ഇടയിൽ കുടുങ്ങിയത്. മൃഗാസ്പത്രിക്ക് ചുറ്റും അരമീറ്റർ ഉയരത്തിൽ കോൺക്രീറ്റ് ചുറ്റുമതിൽ കെട്ടിയതോടെയാണ് ഇവിടെ നിർത്തിയിരുന്ന വാഹനങ്ങൾ പുറത്ത് കടക്കാൻ കഴിയാത്ത നിലയിലായത്. ഇനി സ്റ്റേഷൻ്റെ മതിൽ പൊളിച്ചാലെ ഈ വാഹനങ്ങൾ പുറത്തിറക്കാൻ കഴിയൂ.വേങ്ങര ലൈവ്. ചുറ്റുമതിൽ ഇല്ലാത്തതിനാൽ മൃഗാസ്പത്രി വളപ്പിൽ അന്യവാഹനങ്ങൾ നിർത്തിയിടുന്നതുൾപ്പെടെ ധാരാളം പരാതികൾ വന്നതോടെ വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മൃഗസ്പത്രി വളപ്പിന് ചുറ്റും മതില് കെട്ടാൻ തീരുമാനിച്ചുവെങ്കിലും, പൊലീസ് പിടിച്ചിടുന്ന വാഹനങ്ങൾ ഈ വളപ്പിൽ കൂട്ടിയിട്ടതിനാൽ മതിൽ നിർമ്മിക്കാനായില്ല. ഈ വാഹനങ്ങൾ മൃഗാശുപത്രി വളപ്പിൽ നിന്നും മാറ്റിയിടണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി ഹസീന ഫസൽ വേങ്ങര പൊലീസിലും മലപ്പുറം എസ്. പി ഓഫീസിലും പല പ്രാവശ്യം പരാതിപ്പെട്ടെങ്കിലും സ്ഥല സൗകര്യമില്ലെന്ന കാരണം പറഞ്ഞു പൊലീസ് ഒഴിഞ്ഞു മാറുകയായിരുന്നു. മതില് നിർമ്മാണം വൈകിയാൽ നീക്കി വെച്ച ഫണ്ട് ലാപ്സാ യിപ്പോവുമെന്നതിനാൽ പൊലീസിനെ കാത്തു നിൽക്കാതെ ഗ്രാമ പഞ്ചായത്ത്, മതില് പണി ആരംഭിക്കുകയായിരുന്നുവെന്നു പ്രസിഡന്റ് കെ. പി ഹസീന ഫസൽ പറഞ്ഞു.
കസ്റ്റഡിയിലായി തൊണ്ടി വാഹനങ്ങൾ: പുറത്തിറക്കാൻ മതില് പൊളിക്കണം
admin