വേങ്ങര: ഹരിത കർമ സേന മുഖേന വീടുകളിൽ നിന്നെടുക്കുന്ന മാലിന്യങ്ങളുടെ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ പാതി വഴിയിലായി. വേങ്ങര ഗ്രാമ പഞ്ചായത്തിലാണ് ഇരുപതോളം വാർഡുകളിൽ, ഹരിത കർമ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ പ്രധാന എം. സി. എഫ് യൂണിറ്റുകളിലേക്ക് എത്തിക്കുന്നതിനു മുമ്പായി സൂക്ഷിക്കാൻ നിർമ്മിച്ച മിനി യൂണിറ്റുകൾ ഉപയോഗിക്കാതെ തുരുമ്പെടുക്കുന്നത്. വീടുകളിൽ നിന്നെടുക്കുന്ന മാലിന്യം റോഡരികിലും പൊതു സ്ഥലങ്ങളിലും കൂട്ടിയിടുന്നതിനു പകരം, പ്രധാന എം.സി.എഫിൽ കൊണ്ടു പോകുന്നതിനു മുൻപ് സൂക്ഷിക്കാനുള്ള ഇടമാണ് വാർഡ് തോറുമുള്ള മിനി എം.സി.എഫുകൾ. ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ റോഡരികിലും മറ്റ് പൊതുസ്ഥലങ്ങളിലും കൂട്ടിയിടുന്നതിനെതിരെ നൽകിയ പരാതിയിൽ വാർഡുകൾ തോറും മിനി ശേഖരണികൾ സ്ഥാപിക്കണമെന്ന് എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരോടും മലപ്പുറം ജോയിൻ്റ് ഡയറക്ടർ നിർദേശിച്ചിരുന്നു. ഇങ്ങനെ മാലിന്യ ശേഖരണികൾ സ്ഥാപിച്ചുവെങ്കിലും ആറു മാസമായിട്ടും ഇവിടെ കാര്യമായി മാലിന്യങ്ങൾ എത്തിയിട്ടില്ല. പിന്നെ എന്തിനാണ് ഇത്തരം യൂണിറ്റുകൾ സ്ഥാപിച്ചതെന്നാണ് പൊതുജനത്തിന്റെ ചോദ്യം.
വേങ്ങര ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ നിർമ്മിച്ച മിനി എം. സി. എഫിന് 84227 രൂപ ചെലവായതായി ബോർഡിൽ എഴുതി വെച്ചിട്ടുണ്ട്. രണ്ടാം വാർഡിൽ നിർമ്മിച്ച മാലിന്യ ശേഖരണിക്ക് 92503 രൂപ ചെലവായിട്ടുണ്ട്. ഒരു ശേഖരണിക്ക് ശരാശരി 80000രൂപ കൂട്ടിയാൽ പോലും 23 വാർഡുകളിലായി പതിനെട്ടു ലക്ഷത്തി നാല്പതിനായിരം രൂപ ഈ ഇനത്തിൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ചെലവഴിക്കേണ്ടി വരും.