വേങ്ങര: ഉപജില്ല കായിക മേളക്ക് കായിക മത്സരങ്ങൾ നടത്തുന്നതിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സിന്തെറ്റിക് ട്രാക്ക് വിട്ടു നൽകുന്നില്ലെന്നു പരാതി. എന്നാൽ ഇതേ കുട്ടികൾക്ക് തന്നെ ജില്ല മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു സിന്തെറ്റിക് ട്രാക്ക് അനുവദിക്കുകയും ചെയ്യുന്നുണ്ട്. ഇന്നലെയും ഇന്നുമായി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വേങ്ങര ഉപജില്ല കായികമേള നടന്നു വരികയാണ്. ദീർഘ ദൂര ഓട്ട മത്സരങ്ങളും ഹ്രസ്വ ദൂര ഓട്ട മത്സരങ്ങളുമൊക്കെ നടക്കുന്നത് ഇപ്പോൾ മഡ് ട്രാക്കിലാണ്. കനത്തു പെയ്യുന്ന മഴ കാരണം ചളിയും വഴുതലുമുള്ള മൺ ട്രാക്കിൽ മത്സര ഓട്ടത്തിനിടെ കുട്ടികൾ വീഴുന്നതും പരിക്ക് പറ്റുന്നതും പതിവായെന്നു സംഘാടകർ പരാതിപ്പെടുന്നു. മാത്രമല്ല കഴിവുള്ള കുട്ടികൾ പിന്തള്ളപ്പെടാനും ഇത് കാരണമാവുന്നതായി രക്ഷിതാക്കൾക്കും പരാതിയുണ്ട്. ജില്ല സ്കൂൾ കായിക മേളക്ക് സിന്തറ്റിക് ട്രാക് അനുവദിക്കാനും ഉപജില്ല മേളകൾക്ക് അനുവദിക്കപ്പെടാതിരിക്കാനുമുള്ള കാരണം യൂണിവേഴ്സിറ്റി കായിക വിഭാഗം അധികൃതർ വ്യക്തമാക്കണമെന്ന് മത്സരാർഥികളും സംഘാടകരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നു. ജില്ല സ്കൂൾ കായിക മേള തിങ്കളാഴ്ച തുടങ്ങാനിരിക്കെ ഇന്ന് പൂർത്തിയാകുന്ന മത്സര ഫലങ്ങൾ നോക്കി, ജില്ല മത്സരങ്ങളിൽ പങ്കെടുക്കേണ്ടവരുടെ പേര് വിവരം നൽകേണ്ടതുണ്ട്. ഒറ്റ ദിവസത്തെ ഇടവേളയിൽ കായികാധ്യാപകർ ഈ പണിയും പൂർത്തിയാക്കണം. പ്രവൃത്തി ദിവസങ്ങളിൽ സ്റ്റേഡിയം അനുവദിക്കാത്തതാണ് മത്സരങ്ങൾ ഇത്രയും വൈകാൻ കാരണമായതെന്നും കായികാധ്യാപകർ പറയുന്നു.
ട്രാക്കുകൾ വിട്ടു നൽകുന്നില്ലെന്നു പരാതി
admin
Tags
Malappuram