നേരം വെളുത്തപ്പോൾ പുത്തൂർ ക്ലീൻ !

ഒതുക്കുങ്ങൽ: പുത്തൂർ-ചെനയ്ക്കൽ ബൈപ്പാസിൽ റോഡ് കൈയേറി പ്രവർത്തിച്ചിരുന്ന അനധികൃത കച്ചവടകേന്ദ്രങ്ങൾ കളക്ടറുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റി. ചൊവ്വാഴ്ച പുലർച്ചെ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് നടപടികൾ സ്വീകരിച്ചത്.

പുത്തൂർ ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന മീൻമാർക്കറ്റിൽനിന്നുള്ള മലിനജലം തൊട്ടടുത്ത കോളനിയിലേക്കുള്ള കുടിവെള്ളപദ്ധതിയുടെ കിണർ മലിനമാക്കുന്നുവെന്ന പരാതി ഉയർന്നിരുന്നു. നിരവധിതവണ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെത്തുടർന്ന് കോളനി നിവാസികൾ പട്ടികജാതി കമ്മിഷനെ സമീപിക്കുകയായിരുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന മീൻമാർക്കറ്റ് പൊളിച്ചുമാറ്റി നടപടി സ്വീകരിക്കാൻ പട്ടികജാതി കമ്മിഷൻ കളക്ടർക്ക് നിർദേശം നൽകിയതോടെയാണ് നടപടി.

ഒതുക്കുങ്ങൽ പഞ്ചായത്ത് പരിധിയിൽ ബൈപ്പാസിന്റെ ഇരുവശങ്ങളിലുമായി റോഡ് കൈയേറി നിർമിച്ച കടകൾ വാഹനയാത്രക്കാർക്കും നടന്നുപോകുന്നവർക്കും അപകടഭീഷണി ഉയർത്തുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. അനധികൃത കടകൾ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നിരവധിതവണ കച്ചവടക്കാർക്ക് ഒതുക്കുങ്ങൽ പഞ്ചായത്തും റവന്യൂവകുപ്പും നോട്ടീസ് നൽകിയിട്ടും നടപടിയുണ്ടായിരുന്നില്ല. ബൈപ്പാസിന്റെ പകുതിഭാഗം കോട്ടയ്ക്കൽ നഗരസഭാ പരിധിയിലായതിനാൽ അവിടെയുള്ള കച്ചവടക്കാർക്ക് പൊളിച്ചുമാറ്റുന്നതിന് നോട്ടീസ് നൽകാൻ നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകുമെന്ന് റവന്യുവകുപ്പ്‌ അധികൃതർ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}