വേങ്ങര: ചിന്നമ്മപ്പടി അങ്ങാടിയുടെ മനോഹരമായ പെയിന്റിംഗാണ് ഇത്തവണ വരച്ചത്. ഒറ്റനോട്ടത്തിൽ ഫോട്ടോ ആണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ അതിസൂക്ഷ്മതയോടെയാണ് ഓരോ വസ്തുക്കളും ചിത്രീകരിച്ചിരിക്കുന്നത്.
സ്കൂൾ പഠനകാലത്ത് സ്ഥിരമായ് ബസ് കാത്തുനിന്നിരുന്ന ഈ സ്ഥലത്തിന് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഈ സ്ഥലം കാണുമ്പോൾ പൊയ്പോയ ആ വസന്തകാലത്തിൻ്റെ തേനൂറുന്ന ഓർമ്മകളാണ് ഇദ്ദേഹത്തിൻ മനസ്സിൽ തെളിയുന്നതെന്ന് ഇദ്ദേഹം പറയുന്നു.
സാധാരണ വെള്ള ചാർട്ട് പേപ്പർ എ ഫോർ വലിപ്പത്തിൽ മുറിച്ച് അതിലാണ് ഈ മനോഹര ചിത്രം വരച്ചത്. അൻപത് മണിക്കൂർ സമയത്തെ ക്ഷമയോടെയുള്ള പരിശ്രമത്തിൻ്റെ ഫലമാണ് ഈ പെയിൻ്റിംഗ്.
മുമ്പ് വരച്ച പല ചിത്രങ്ങളിലേയും കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളും മരങ്ങളും ഇന്ന് അവിടെ ഇല്ല. വരും തലമുറയ്ക്കുവേണ്ടി ഇന്നലെകളെ രേഖപ്പെടുത്തൽ കൂടിയാണ് എം.വി.എസ്സിൻ്റെ വരകൾ.
ചിത്രകലയ്ക്ക് പുറമേ ക്ലേ മോഡലിംഗിലും കരകൗശല നിർമ്മിതികളിലും ശ്രദ്ധേയനാണ് എം.വി.എസ്.
മാമ്പഴം എന്ന കവിതയ്ക്ക് ഇദ്ദേഹം ഒരുക്കിയ കളിമൺ ശില്പാവിഷ്കാരം ഏറെ ജനശ്രദ്ധ നേടിയിരുന്നു. മുല്ലപ്പൂ ചൂടി നിൽക്കുന്ന അതീവ സുന്ദരിയായ മലയാളിമങ്കയുടെ കളിമൺ ശില്പവും ജനശ്രദ്ധ നേടിയിരുന്നു.
ഒറിജിനലിനെ വെല്ലുന്ന വിധത്തിലാണ് കളിമണ്ണ് ഉപയോഗിച്ച് വിവിധ പഴങ്ങളും പച്ചക്കറികളും ഇദ്ദേഹം നിർമ്മിച്ചിരിക്കുന്നത്.
ഇവയിൽ പലതും സോഷ്യൽമീഡിയയിൽ വൈറലാണ്. ഭൂഗോളമേന്തിയ മാലാഖ, സങ്കല്പ വധു, വിദ്യാർത്ഥിനി, അധ്യാപിക, മാസ്ക് ധരിച്ച മഹാബലി എന്നിവയാണ് എം.വി.എസ് കണ്ണമംഗലത്തിന്റെ ശ്രദ്ധേയമായ മറ്റു കളിമൺ നിർമ്മിതികൾ.
പരിമിതമായ ജീവിത സാഹചര്യങ്ങളിലും ചിത്ര-ശില്പ കലാരംഗത്ത് തന്റേതായ ഒരു ഇടം കണ്ടെത്താൻ ഇദ്ദേഹത്തിന് സാധിച്ചു.
ക്ഷമയും പരിശ്രമവും ഉണ്ടെങ്കിൽമാത്രമേ ഈ മേഖലയിൽ ശോഭിക്കാൻ കഴിയൂ എന്ന് എം.വി .എസ് പറയുന്നു.
ചിത്രകലാധ്യാപകൻകൂടിയായ എം.വി.എസ് കണ്ണമംഗലം - മേമാട്ടുപാറ സ്വദേശിയാണ്.