മത്സരം പയ്യനാട് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30ന്
മലപ്പുറം എഫ്.സി താരങ്ങൾ പരിശീലനത്തിൽ
മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ ആറാം റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ന് മലപ്പുറം എഫ്.സിയും ഫോഴ്സാ കൊച്ചിയും ഏറ്റുമുട്ടും. രാത്രി 7.30ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ലീഗിലെ പകുതിയിലധികം കളികൾ പൂർത്തിയായപ്പോൾ വിജയത്തിനായുള്ള സകല അടവുകളും പയറ്റാനുള്ള പുറപ്പാടിലാണ് ഓരോ ടീമും. കാര്യമായ മാറ്റങ്ങളില്ലാത്ത പോയന്റ് പട്ടികയിൽ ഒരു തോല്‍വി മുന്നോട്ടുള്ള വഴിയിൽ തടസ്സമാകുമെന്ന് എല്ലാവര്‍ക്കുമറിയാം. ടൂർണമെന്റിൽ ഇനി നാല് റൗണ്ടുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ബുധനാഴ്ചത്തെ കളിയില്‍ വിജയിച്ചാല്‍ ഫോഴ്സാ കൊച്ചിക്ക് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാം. മറിച്ച് ജയം മലപ്പുറത്തിനാണെങ്കില് അവർ ആദ്യ നാലിലുമെത്തും. 12 പോയന്റുമായി കണ്ണൂര്‍ വാരിയേഴ്സ് എഫ്.സിയാണ് പോയന്റ് ടേബിളില്‍ ഒന്നാംസ്ഥാനത്ത്. 10 പോയന്റോടെ കാലിക്കറ്റ് എഫ്.സിയാണ് രണ്ടാം സ്ഥാനത്ത്. എട്ടു പോയന്റുമായി ഫോഴ്സാ കൊച്ചി മൂന്നാമതും ആറു പോയന്റുമായി തിരുവനന്തപുരം കൊമ്പന്‍സ് നാലാമതുമുണ്ട്. അഞ്ചു പോയന്റോടെ മലപ്പുറം അഞ്ചാമതും രണ്ടു പോയന്റോടെ തൃശൂര്‍ മാജിക് എഫ്.സി ആറാമതുമാണ്.
പരിക്കിന്റെ പിടിയിൽ മലപ്പുറം
ക്യാപ്റ്റന്‍ അനസ് എടത്തൊടിക, റൂബന്‍ ഗാര്‍സ്, ഗുര്‍ജീന്ദര്‍, ബുജൈര്‍ എന്നിവര്‍ക്ക് പരിക്കേറ്റത് മലപ്പുറം എഫ്.സിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചിരിക്കുകയാണ്. ബുജൈര്‍ ശസ്ത്രക്രിയക്ക് വിധേയമാകുകയും ചെയ്തു. പകരക്കാരായി രണ്ടു മണിപ്പൂര്‍ താരങ്ങളെ ടീം ക്യാമ്പിലെത്തിച്ചിട്ടുണ്ട്. മധ്യനിര താരമായ ബിദ്യാനന്ദ സിങ്, വിങ്ങറായ നൈറോം നോങ്ഡംബോ സിങ് എന്നിവരെയാണ് പുതുതായി കൂടാരത്തിലെത്തിച്ചത്. ഇരുവരും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകാന്‍ സാധ്യതയുണ്ട്