മഞ്ചേരി: പ്രഥമ സൂപ്പർ ലീഗ് കേരളയിൽ ഇനി പോരാട്ടം കടുക്കും. സെമിഫൈനൽ യോഗ്യത നേടാൻ ഓരോ ടീമിനും വിജയം അനിവാര്യം. തോറ്റാലോ സമനിലയിൽ കുരുങ്ങിയാലോ യോഗ്യത മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും. ഗോൾ ശരാശരിയും നിർണായകമാകും. ഓരോ ടീമിനും രണ്ടു വീതം മൊത്തം 12 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. എട്ടു റൗണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ കാലിക്കറ്റ് എഫ്.സി മാത്രമാണ് സെമി ടിക്കറ്റ് ഉറപ്പിച്ചത്. നാലു ജയവും നാലു സമനിലയും അടക്കം 16 പോയന്റുമായി ലീഗിൽ കാലിക്കറ്റിന്റെ ആധിപത്യമാണ്. ഹെയ്തി താരം ബെൽഫോർട്ടിന്റെ ചിറകേറിയാണ് ടീമിന്റെ മുന്നേറ്റം. ഒരുപിടി മികച്ച വിദേശ താരങ്ങൾക്കു പുറമെ ക്യാപ്റ്റൻ ജിജോ ജോസഫ്, ഗനി അഹമ്മദ് നിഗം, പി.എം. ബ്രിട്ടോ എന്നീ മലയാളി താരങ്ങളും മിന്നുംഫോമിലാണ്. കാലിക്കറ്റിനെ പരാജയപ്പെടുത്താൻ മറ്റു ടീമുകൾക്ക് സാധിച്ചിട്ടില്ല. എവേ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ കാലിക്കറ്റിന് സ്വന്തം ഗ്രൗണ്ടിൽ ഒരു ജയം മാത്രമാണ് നേടാനായത്. നാലു സമനിലയും നേടി. 15 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഏഴെണ്ണം വഴങ്ങി. പേരിലെ മാന്ത്രികത പുറത്തെടുക്കാനാകാതെ ഒരൊറ്റ ജയംപോലുമില്ലാതെ തൃശൂർ മാജിക് എഫ്.സി പുറത്തായി. എട്ടു കളിയിൽ ആറിലും പരാജയപ്പെട്ട് ടീം നാണക്കേടിന്റെ പടുകുഴിയിലായി. രണ്ടു പോയന്റ് മാത്രമാണ് സമ്പാദ്യം. 13 പോയന്റുമായി കണ്ണൂർ വാരിയേഴ്സാണണ് രണ്ടാം സ്ഥാനത്ത്. 12 പോയന്റുമായി തിരുവനന്തപുരം കൊമ്പൻസ് തൊട്ടുപിന്നിലുണ്ട്. 10 പോയന്റുമായി ഫോഴ്സ കൊച്ചി നാലാമതും ഒമ്പതു പോയന്റുമായി മലപ്പുറം അഞ്ചാമതുമാണ്. അടുത്ത മത്സരം ജയിക്കാനായാൽ കണ്ണൂരിനും അവസാന നാലിൽ ഇടംപിടിക്കാം. മലപ്പുറവും കാലിക്കറ്റുമാണ് എതിരാളികൾ. രണ്ടു സമനിലയായാലും പ്രതീക്ഷകൾ അവസാനിക്കില്ല. പക്ഷേ, തോൽവി തിരിച്ചടിയാകും. കൊമ്പൻസിനും കാര്യങ്ങൾ നിർണായകമാണ്. കൊച്ചിയും മലപ്പുറവുമാണ് എതിരാളികൾ. ഇതിൽ രണ്ടിലും ജയിച്ചാൽ അനായാസം അവസാന നാലിൽ ഇടംപിടിക്കാം. ഗോൾ ശരാശരി പ്ലസ് ആയതും പ്രതീക്ഷക്ക് വകനൽകുന്നു. നാലും അഞ്ചും സ്ഥാനത്തുള്ള കൊച്ചിക്കും മലപ്പുറത്തിനും രണ്ടു കളികളും ജയിക്കേണ്ടിവരും. സമനിലയായാൽ മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും സെമിപ്രവേശം. ഗോൾ ശരാശരിയിൽ പിന്നിലുള്ള മലപ്പുറത്തിന് മികച്ച മാർജിനിൽ ജയിക്കേണ്ടിവരും. കൊച്ചി പരാജയപ്പെട്ടാൽ മലപ്പുറത്തിന് അനുകൂലമാകും. നവംബർ അഞ്ചിന് കോഴിക്കോട്ടും ആറിന് പയ്യനാട് സ്റ്റേഡിയത്തിലുമായാണ് സെമി ഫൈനൽ. നവംബർ 10ന് കൊച്ചിയിൽ പ്രഥമ സീസണിലെ കലാശപ്പോരാട്ടത്തിന് വിസിൽ മുഴങ്ങും.
സൂപ്പർ ലീഗ് കേരള; കഠിനം സെമിക്കണക്ക്
admin
Tags
Malappuram