മഞ്ചേരി: സൂപ്പർലീഗ് കേരള ഫുട്ബോളിൽ ഇത്രയും അനിശ്ചിതത്വംനിറഞ്ഞ ദിവസം മുൻപുണ്ടായിട്ടില്ല. മലപ്പുറം എഫ്.സി.യും ഫോഴ്‌സാ കൊച്ചിയും തമ്മിലുള്ള കളി നടക്കുമോ എന്ന പ്രഖ്യാപനം വൈകീട്ട് 7.30 വരെ ഉണ്ടായില്ല. ഒടുവിൽ 7.40-ന് സ്റ്റേഡിയത്തിൽ അനൗൺസ്‌മെന്റ് മുഴങ്ങി ‘കളി പ്രതികൂല കാലാവസ്ഥ മൂലം ഉപേക്ഷിച്ചു. കാണികൾക്കു പണം തിരിച്ചുനൽകും. പേടിഎം ഇൻസൈഡർ ആപ്പ് വഴി ടിക്കറ്റ് എടുത്തവർക്കു പണം ആപ്പ് വഴി തന്നെ നൽകും’.
ആരാധകരെ നിരാശരാക്കുന്നതായിരുന്നു ആ തീരുമാനം. മഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുംപെയ്ത കനത്ത മഴ പയ്യനാട് സ്റ്റേഡിയത്തിൽ വെള്ളക്കെട്ട് ഉണ്ടാക്കിയിരുന്നു. 4.30 വരെ തിമിർത്തുപെയ്ത മഴ സംഘാടകരെ തെല്ലൊന്നുമല്ല ആശങ്കയിലാക്കിയത്. പിന്നീട് മഴ നിന്നു. മാച്ച് ഒഫീഷ്യൽസുകൾ മൈതാനം പരിശോധിച്ച് വെള്ളംനീക്കാൻ നിർദേശം നൽകി.
6.30 ആയതോടെ ഈസ്റ്റ് ഗാലറിയുടെ 75 ശതമാനം നിറഞ്ഞു. മഴയെ വകവെക്കാതെ കളിപ്രേമികൾ ഗാലറിയിൽ എത്തിയപ്പോൾ കളി നടക്കും എന്നു തന്നെയായിരുന്നു പ്രതീക്ഷ. 7.30-ന് കളി തുടങ്ങാതായപ്പോൾ എട്ടിനു തുടങ്ങും എന്ന വാർത്ത പരന്നു. പക്ഷേ, അതു വ്യാജമാണെന്ന് തെളിയാൻ 10 മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ
തുല്യം പോയിന്റ്
മഴകാരണം കളി മാറ്റിവെച്ചാൽ മറ്റൊരു ദിവസം നടത്തില്ല. ഇരു ടീമുകൾക്കും ഓരോ പോയിന്റ് നൽകും. ഇതോടെ ഒൻപതു പോയിന്റുമായി ഫോഴ്സ മൂന്നാംസ്ഥാനത്ത് തുടർന്നു. ആറു പോയിന്റുമായി മലപ്പുറം അഞ്ചാംസ്ഥാനത്താണ്.
നിരാശയിൽ ഗാലറി
കനത്ത നിരാശയിലാണ് ആരാധകർ ഗാലറി വിട്ടത്. ഇത്രനേരം നിന്നിട്ടും മത്സരം കാണാൻ കഴിയാത്തതിന്റെ നിരാശ എല്ലാവരുടെ മുഖത്തും നിഴലിച്ചു. പുറത്ത് കൗണ്ടറുകളിൽ പണം തിരികെ ലഭിക്കാൻ തിക്കും തിരക്കുമുണ്ടായി.
ഓളം തീർത്ത് ഫോഴ്‌സാ ക്രൂസ്
പയ്യനാട് സ്റ്റേഡിയത്തിൽ അൾട്രാസ് തീർക്കുന്ന ഓളം ചെറുതൊന്നുമല്ല. ആ ഓളത്തിനൊപ്പം കിടപിടിക്കുന്ന പ്രകടനവുമായാണ് ഫോഴ്സാ കൊച്ചിയുടെ ആരാധക കൂട്ടായ്മ ഫോഴ്സാ ക്രൂസ് പയ്യനാട് എത്തിയത്.
വാദ്യമേളങ്ങളും കൂറ്റൻ ഫ്ലെക്സുമായി അവർ സ്റ്റേഡിയത്തിൽ ആവേശം ഉയർത്തി. മത്സരം ഉപേക്ഷിച്ച ശേഷവും അവർ മൈതാനത്തു വാദ്യമേളം തുടർന്നു. ഫോഴ്‌സാ കൊച്ചി ടീം ആരാധകരെ അഭിവാദ്യംചെയ്താണ് മടങ്ങിയത്.