കോഴിക്കോട്: മുംസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരേ രൂക്ഷമായ ഭാഷയിൽ പരോക്ഷവിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. യോഗ്യമില്ലാത്ത പലരും ഖാസിമാരായിട്ടുണ്ടെന്നും രാഷ്ട്രീയത്തിന്റെ പേരിൽ ഖാസിയാകാനും ചിലരുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ചില കാര്യങ്ങൾ തുറന്നുപറയേണ്ടി വരുമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
ഉമർ ഫൈസി മുക്കത്തിന്റെ വാക്കുകൾ; 'ഖാസിയെ സംബന്ധിച്ചിടത്തോളം എന്ത് വേണം? അവരുടെ മുമ്പിൽ വരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വിവരം അദ്ദേഹത്തിന് വേണ്ടേ? അങ്ങനെ ഉണ്ട് എന്ന് അവർ അവകാശപ്പെടുന്നില്ല. മൂപ്പര് കിതാബ് ഓതിയ ആളാണ്, അല്ലെങ്കിൽ അങ്ങനത്തെ ആളാണ് എന്ന് ആരും പറയുന്നില്ല. സമസ്ത സിഐസി വിഷയത്തിൽ ഒരു കാര്യം പറഞ്ഞു. അത് കേൾക്കാൻ തയ്യാറില്ല. പണ്ട് അങ്ങനെയാണോ? സമസ്ത എന്ത് പറയുന്നു അതിന്റെ കൂടെ ആയിരുന്നു. ഇന്ന് അതിന് തയ്യാറല്ല. സമസ്തയെ വെല്ലുവിളിച്ചു വേറെ സംഗതി ഉണ്ടാക്കുകയാണ്. അതുകൊണ്ട് അവര് കരുതിയിരുന്നോണം. ഞങ്ങളുടെ അടുത്ത് ആയുധങ്ങളുണ്ട് എന്ന്. ആയുധങ്ങളുണ്ട് എന്നതുകൊണ്ട് ആവശ്യം വരുമ്പോൾ അത് എടുക്കും എന്ന ഭയം നിങ്ങൾക്ക് നല്ലതാ. അതിരുവിട്ട് പോകുന്നുണ്ട് നിങ്ങൾ. വിവരമില്ലാത്തവനെ ഖാസിയാക്കിയാലും അവിടത്തെ ഖാസിയാകും.'
ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സമസ്ത - ലീഗ് പ്രശ്നം ഇപ്പോൾ വീണ്ടും വഷളാവുന്നത്. സിഐസിയുമായി (കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്) ബന്ധപ്പെട്ട വിഷയത്തിലാണ് ഇപ്പോൾ പോര് രൂക്ഷമായിരിക്കുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേരിട്ട് മുൻകൈ എടുത്ത് ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടു വന്നതാണ് ഇപ്പോൾ പ്രശ്നം വീണ്ടും രൂക്ഷമാവാൻ ഇടയായത്. സിഐസിയുടെ അധ്യക്ഷനാണ് സാദിഖലി തങ്ങൾ. ജിഫ്രി തങ്ങൾ, ഉമർ ഫൈസി മുക്കം തുടങ്ങിയ ഇ.കെ വിഭാഗം സമസ്തയിലെ ഒരു വിഭാഗത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് നേരത്തെ ഹക്കീം ഫൈസി അദൃശ്ശേരിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അദൃശ്ശേരി ഭാരവാഹിയായി തുടരുമ്പോൾ സിഐസിയുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നുാ സമസ്തയിലെ ഒരു വിഭാഗം. ഇതിനെ തുടർന്നായിരുന്നു ആദ്യശ്ശേരിയെ മാറ്റിയത്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുൻകൈ എടുത്ത് ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടു വരികയായിരുന്നു. ഇതാണ് ഇപ്പോൾ സമസ്തയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.
പാണക്കാട് തങ്ങൾമാർ നിരവധി മഹല്ലുകളിലെ ഖാസിമാരാണ്. ഇവരുടെ നേതൃത്വത്തിൽ ഖാസി ഫൗണ്ടേഷൻ എന്ന പേരിൽ കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. പലയിടത്തും ഖാസി ഫൗണ്ടേഷന്റെ ഭാഗമായി യോഗം ചേരുകയും കൂട്ടായ്മ ശക്തപ്പെടുകയും ചെയ്തിരുന്നു. ഇതും സമസ്തക്കെതിരായ നീക്കമായിട്ടാണ് സമസ്ത കാണുന്നത്.