എടപ്പാൾ: ഫ്രിഡ്‌ജിൽനിന്ന് തീ പടർന്ന് പൊന്നാഴിക്കരയിലെ വീട്ടിൽ തീപ്പിടിത്തം. വീട്ടുപകരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും വയറിങ്ങുമടക്കം കത്തിനശിച്ചു.
വീട്ടിനുള്ളിൽ കിടന്നുറങ്ങിയ കുടുംബാംഗങ്ങൾ ഉണർന്ന് പുറത്തേക്കോടിയതിനാൽ അപകടമില്ലാതെ രക്ഷപ്പെട്ടു. എടപ്പാൾ പഞ്ചായത്തിലെ പൊന്നാഴിക്കരയിലെ മാക്കോത്തയിൽ അയ്യപ്പന്റെ വീട്ടിലാണ് അപകടംനടന്നത്.
ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ശബ്ദവും പുകയും ചൂടുമനുഭവപ്പെട്ട് വീട്ടിലുണ്ടായിരുന്ന അയ്യപ്പന്റെ മകൻ ഷാജി, ഭാര്യ ജിഷ, മകൾ തൃഷ എന്നിവരുണർന്നപ്പോഴാണ് വീട്ടിനുള്ളിൽ തീ ആളിക്കത്തുന്നത് കണ്ടത്. പഴയ കൃഷിക്കാരനായ അയ്യപ്പൻ കിടപ്പിലായതിനാൽ മകളുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു.
ഫ്രിഡ്‌ജിൽനിന്ന് തീ ആളിപ്പർന്ന് വീട്ടിലുണ്ടായിരുന്ന ഫർണിച്ചർ, സ്റ്റൗ, ടി.വി, ഫാനുകൾ, മറ്റുപകരണങ്ങൾ, വീട്ടിലുപയോഗിക്കാൻ സൂക്ഷിച്ചിരുന്ന വസ്തുക്കൾ, വയറിങ് തുടങ്ങി എല്ലാം കത്തിനശിച്ചു. ചൂടുമൂലം വീടിന്റെ ചുമരുകൾക്കു വിള്ളൽ വീണിട്ടുണ്ട്. ഇവരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ മോട്ടോറുകൾ പ്രവർത്തിപ്പിച്ചും മറ്റുരീതിയിലുമാണ് തീയണച്ചത്. പുതുതായി ലഭിച്ച പാചകവാതക കണക്‌ഷന്റെ സിലിൻഡർ ചൂടായി ഇരുന്നത് നാട്ടുകാരെത്തി പുറത്തെത്തിച്ചു.
അഗ്നിരക്ഷാസേന പൊന്നാനിയിൽ നിന്നെത്തിയെങ്കിലും ചെറിയ വഴിയായതിനാൽ പ്രദേശത്തേക്കെത്താൻ ഏറെ പ്രയാസപ്പെട്ടു. പിന്നീട് കെ.എസ്.ഇ.ബി., അഗ്നിരക്ഷാസേന, വില്ലേജ് ഓഫീസർ, ഗ്രാമപ്പഞ്ചായത്ത് ഭാരവാഹികൾ എന്നിവരെല്ലാം സ്ഥലത്തെത്തി റിപ്പോർട്ട് തയ്യാറാക്കി തുടർനടപടികളെടുത്തു. വീട്ടുപകരണങ്ങളൊന്നുമില്ലാത്തതിനാലും വീട്ടിൽ താമസിക്കാനാവാത്തതിനാലും കുടുംബത്തെ തത്കാലം മറ്റൊരിടത്തേക്ക് മാറ്റിത്താമസിപ്പിക്കാൻ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം സി. രവീന്ദ്രന്റെ നേതൃത്വത്തിൽ നടപടികളാരംഭിച്ചു.