റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് സമയപരിധി നീട്ടി;നവംബർ 5 വരെ പൂര്‍ത്തിയാക്കാനുള്ളത് 16% പേര്

തിരുവനന്തപുരം: മുന്‍ഗണന വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിനുള്ള സമയപരിധി നീട്ടി. നവംബര്‍ അഞ്ച് വരെയാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്. ഇനി 16 ശതമാനത്തോളം വരുന്ന മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളത്.

മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് മസ്റ്ററിങിന്റെ സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. ഇനിയും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ നിരവധി പേരുള്ള സാഹചര്യത്തിലാണ് സമയപരിധി നീട്ടി നല്‍കിയത്. നിലവില്‍ 83.67 ശതമാനം പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എല്ലാ അംഗങ്ങള്‍ക്കും മസ്റ്ററിങിനുള്ള അവസരം ഉണ്ടാകും. മസ്റ്ററിങ് 100 ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു.

മസ്റ്ററിങ് ഈ മാസം അവസാനത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയാത്തവർക്ക് റേഷൻ വിഹിതം ലഭിക്കില്ല എന്നതായിരുന്നു കേന്ദ്രസർക്കാരിൻറെ താക്കീത്. എന്നാൽ മസ്റ്ററിംഗ് ചെയ്യുന്നതിന് സാവകാശം തേടി സംസ്ഥാന സർക്കാർ രണ്ടുമാസം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഈ കത്തിന് കേന്ദ്രസർക്കാർ നിലവിൽ മറുപടി നൽകിയിട്ടില്ല.

അതേസമയം മസ്റ്ററിംഗ് 100 ശതമാനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ. e-KYC മസ്റ്ററിംഗ് പൂർത്തീകരിക്കുന്ന പ്രവർത്തിയിൽ മുൻപന്തിയിൽ നിൽക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയാത്ത മുൻഗണനാ കാർഡ് അംഗങ്ങൾ, പ്രധാനമായും ഇ-പോസിൽ വിരലടയാളം പതിയാത്തവർ കിടപ്പ് രോഗികൾ, അഞ്ച് വർഷങ്ങൾക്ക് മുൻപ് ആധാർ കാർഡ് എടുത്തതും നിലവിൽ 12 വയസ്സിൽ താഴെയുള്ളതുമായ കുട്ടികൾ, വിദ്യാഭ്യാസം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്തുള്ളവർ, വിവിധ ആവശ്യങ്ങൾക്കായി രാജ്യത്തിന് പുറത്തുള്ളവർക്കും റേഷൻ വിഹിതം ലഭ്യമാക്കും.

മുൻഗണനാ കിടപ്പ് രോഗികളെ അവരുടെ വീടുകളിൽ നേരിട്ടെത്തി, റേഷൻ വ്യാപാരികളുടെ സഹായത്തോടെ, നിലവിൽ മസ്റ്ററിംഗ് നടത്തി വരികയാണ്. ഈ പ്രവർത്തി നവംബർ 5 വരെ തുടരും. വിവിധ കാരണങ്ങളാൽ ഇ-പോസിൽ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിംഗ് ഐറിസ് സ്കാനർ ഉപോഗിച്ച് പൂർത്തീകരിക്കും. ഇതിനായി വിവിധ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. നിലവിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മസ്റ്ററിംഗ് ഐറിസ് സ്കാനർ ഉപോഗിച്ച് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി രാജ്യത്തിന് പുറത്തുള്ള മുൻഗണനാ കാർഡ് അംഗങ്ങൾക്ക് എൻ ആർ കെ സ്റ്റാറ്റസ് നൽകി കാർഡിൽ ഉൾപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}